തടസങ്ങളെല്ലാം നീങ്ങിയാല്‍ കേരളപ്പിറവി ദിനത്തില്‍ ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങും
ഇടുക്കി: തടസങ്ങളെല്ലാം നീങ്ങിയാല്‍ കേരളപ്പിറവി ദിനത്തില്‍ ഇടുക്കി ജില്ലയില്‍ ആദ്യമായി വിമാനം പറന്നിറങ്ങും
എന്‍.സി.സിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് വണ്ടിപ്പെരിയാറിലെ സത്രം ഭാഗത്ത് പൂര്‍ത്തിയായി വരുന്നു. 15 സീറ്റുവരെയുള്ള ചെറുവിമാനങ്ങള്‍ക്ക് ഇറങ്ങാവുന്ന എയര്‍സ്ട്രിപ്പാണിത്. എന്‍.സി.സിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്.ഡബ്ല്യു- 80 വിമാനമാകും ആദ്യം ഇവിടെ ഇറക്കുക. എന്‍.സി.സി കേഡറ്റുകള്‍ക്ക് സൗജന്യമായി ഫ്ലൈയിംഗ് പരിശീലനം നല്‍കുന്നതിനാണ് എയര്‍സ്ട്രിപ്പ് സ്ഥാപിക്കുന്നതെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ ജില്ലയ്ക്ക് ഇത് ഏറെ സഹായകരമാകും.
റവന്യു വകുപ്പ് അനുവദിച്ച 12 ഏക്കര്‍ സ്ഥലത്ത് 2017 മേയ് 21നാണ് നിര്‍മ്മാണം ആരംഭിച്ചത്. ആയിരം മീറ്ററില്‍ 650 മീറ്റര്‍ റണ്‍വേയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള ഹാംഗര്‍ നിര്‍മ്മിക്കാനുണ്ട്. വിമാനമിറക്കുന്നതിന് ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് അനുമതി നല്‍കിയിരുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍മ്മാണം നടത്തുന്നത്. രാജ്യത്ത് ആദ്യമായാണ് പൊതുമരാമത്ത് വകുപ്പ് ഒരു എയര്‍സ്ട്രിപ്പ് നിര്‍മ്മിക്കുന്നത്. ഇതുവരെ നിര്‍മ്മാണത്തിന് ചെലവായത് 13 കോടി രൂപയാണ്.
കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 11.5 ഏക്കര്‍ ഭൂമി കൂടി എന്‍.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വനംവകുപ്പ് ഇതിന് തടസവാദം ഉന്നയിച്ചിരിക്കുകയാണ്. മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തി തടസങ്ങള്‍ നീക്കാന്‍ കഴിഞ്ഞദിവസം വാഴൂര്‍ സോമന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
രാജ്യത്ത് ആദ്യം പ്രതിവര്‍ഷം ആയിരം എന്‍.സി.സി കേഡറ്റുകള്‍ക്ക് സൗജന്യമായി ഫ്ലൈയിംഗ് പരിശീലനം നല്‍കുന്ന ദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പരീശീലനകേന്ദ്രമാണ് ഇവിടെ സ്ഥാപിക്കുന്നത്. 200 കേഡറ്റുകളെ ഇടുക്കിയില്‍ നിന്നുതന്നെ തിരഞ്ഞെടുക്കും.
ദുരന്തനിവാരണത്തിനും ഉപയോഗിക്കാം
പ്രളയകാലത്തും പെട്ടിമുടി ദുരന്തസമയത്തും വിമാനത്താവളമില്ലാത്തതിന്റെ വിഷമം ഇടുക്കി അനുഭവിച്ചതാണ്. എയര്‍സ്ട്രിപ്പ് യാഥാര്‍ത്ഥ്യമായാല്‍ എയര്‍ഫോഴ്സ് വിമാനങ്ങളേയും വലിയ ഹെലികോപ്ടറുകളേയും അടിയന്തര സാഹചര്യങ്ങളില്‍ ഇവിടെ ഇറക്കാനാകും. ഭാവിയില്‍ വിമാനത്താവളമായി ഉയര്‍ത്തിയാല്‍ വലിയ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാം. എട്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള ശബരിലയില്‍ എത്തുന്ന അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ക്കും സഹായകരമാവും. വാഗമണ്‍, തേക്കടി, മൂന്നാര്‍ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ക്ക് എളുപ്പമെത്താനും കഴിയും