ചന്ദനം ആർക്കും വീട്ടിൽ വളർത്താം, തൈ ഒന്നിന് വെറും 75 രൂപ; ഒരു മരത്തിൽനിന്ന് 10 ലക്ഷം രൂപ വരെ…
വീട്ടുവളപ്പിൽ ഒരു കോടിയുടെ ചന്ദനം… ഈ വാർത്ത കണ്ടപ്പോൾ തോന്നിയോ, നമ്മുടെ പറമ്പിലും ഒരു ചന്ദനമരം ഉണ്ടായിരുന്നെങ്കിൽ എന്ന്… ആ ആഗ്രഹം വെറുതേ വിട്ടുകളയേണ്ട. ചന്ദനമരം ആർക്കും കുറഞ്ഞ ചെലവിൽ നട്ടുവളർത്താം. ചന്ദനമരം പൂർണവളർച്ച എത്തണമെങ്കിൽ 15 മുതൽ 30 വർഷം വരെയെടുക്കും. മറയൂരിലെ ചന്ദന ഡിവിഷനിൽനിന്ന് തൈകൾ വിൽപന നടത്തുന്നുണ്ട്. ഏപ്രിൽ മുതൽ കഴിഞ്ഞ ദിവസം വരെ 3,000 തൈകളാണ് വിറ്റഴിച്ചത്. കേരളത്തിൽ എല്ലാ ജില്ലകളിൽനിന്നും ചന്ദനത്തൈകൾ വാങ്ങാൻ ആളുകൾ എത്തുന്നുണ്ട്.
മറയൂരിന്റെ ചന്ദനഗന്ധം
മറയൂരെന്നു കേട്ടാൽ ആദ്യം ഓർമ വരിക ചന്ദനക്കാടുകൾ തന്നെയായിരിക്കും. വഴിയുടെ ഇരുവശവും നിറഞ്ഞു നിൽക്കുന്ന ചന്ദനത്തോട്ടങ്ങളുടെ തണലും കുളിർമയും വ്യത്യസ്തമായ അനുഭവം തന്നെയാണ്. ഉയർന്ന നിലവാരത്തിലുള്ള ചന്ദനത്തടികളാണ് മറയൂരിന്റെ പ്രത്യേകത. സർക്കാരിന്റെ നിയന്ത്രണത്തിലാണ് ഇവിടത്തെ പ്രവർത്തനങ്ങൾ.
ലോകത്തിൽ തന്നെ വളരെ വിരളമായ ചന്ദനമരങ്ങൾ ഇന്ത്യയിൽ മൈസൂരു, കുടക്, കോയമ്പത്തൂർ, സേലം എന്നിവിടങ്ങളിൽ വളരുന്നു. കേരളത്തിൽ വളരുന്ന ചന്ദനത്തിന്റെ ഭൂരിഭാഗവും മറയൂരിലാണ്. ഇരവികുളം വനം ഡിവിഷനിൽ ഉൾപ്പെട്ട ചിന്നാറിലും ചന്ദനങ്ങളുണ്ട്.മറയൂർ ചന്ദന മരത്തിനുള്ളിൽ കാതലും ചന്ദനത്തൈലത്തിന്റെ അളവും കൂടുതലാണ്. 50 സെന്റീമീറ്റർ ചുറ്റളവുള്ള മരമാണ് ഗവൺമെന്റിന്റെ കാഴ്ചപ്പാടിൽ വളർച്ചയെത്തിയത്.
മഴനിഴൽ പ്രദേശമായ മറയൂരിൽ ഭൂമിശാസ്ത്രപരമായ സവിശേഷത തന്നെയാണ് ചന്ദനത്തിൽ കാതൽ കൂടാൻ സഹായിക്കുന്നത്. ഒരു വർഷത്തിൽ ശരാശരി ഒരു സെന്റീമീറ്റർ ആണ് മരത്തിന്റെ വളർച്ച. ഉയർന്ന അളവിലുള്ള സുഗന്ധതൈലങ്ങൾ നിർമിക്കാൻ ചന്ദനം ആവശ്യമാണ്. സൗന്ദര്യ വർധക വ്യവസായത്തിൽ ചന്ദന എണ്ണ വ്യാപകമായി ഉപയോഗിക്കുന്നു.
പേടിക്കണ്ട ചന്ദനത്തെ
ചന്ദനം വീട്ടിൽ വളർത്തുന്നതിനു നിയമ തടസ്സമില്ല. വലിയ പ്ലാന്റേഷനായും ചന്ദനം വളർത്താം. മരം നടാമെങ്കിലും മുറിക്കാൻ സർക്കാരിന്റെ അനുമതി വേണം. സ്വകാര്യവ്യക്തികളുടെ പുരയിടത്തിൽ ചന്ദനമരങ്ങൾ ഉണ്ടെങ്കിൽ ഉടമയ്ക്ക് സർക്കാർ പണം നൽകും. ഭൂപതിവ് ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിലാണ് മരമെങ്കിൽ ഉടമയ്ക്ക് മരത്തിന്റെ വില ലഭിക്കില്ല. സർക്കാർ ഭൂമി അല്ല എന്നും ബാധ്യതയില്ല എന്നും തഹസിൽദാർ സാക്ഷ്യപത്രം നൽകിയാൽ പണം ലഭിക്കും.
കിലോയ്ക്ക് തൂക്കി വില
ക്യുബിക് അടിയിലോ ക്യുബിക് മീറ്ററിലോ അല്ല, കിലോഗ്രാമിലാണ് ചന്ദന മരത്തിന്റെ തൂക്കം കണക്കാക്കുന്നത്. മരത്തിന്റെ മൊത്ത വിലയുടെ 95 ശതമാനം വരെ ഉടമസ്ഥന് ലഭിക്കും. സാധാരണ ഒരു മരത്തിൽനിന്ന് 5–10 ലക്ഷം രൂപ വരെ ലഭിക്കും. വനംവകുപ്പിന്റെ അനുമതിയില്ലാതെ ചന്ദന മരം മുറിച്ചു കടത്തുന്നത് 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
തൈ ഒന്നിന് 75 രൂപ
ഒരു ചന്ദന തൈയ്ക്ക് 75 രൂപയാണ് വില. ചന്ദനം അർധപരാദ സസ്യമാണ് ഒറ്റയ്ക്ക് വളരില്ല. ചന്ദനത്തൈ നടുമ്പോൾ കൂടെ മറ്റേതെങ്കിലും തൈകൾ ഒപ്പം നടണം. ജീവിക്കാനുള്ള പകുതി ആഹാരം ഒപ്പം നടുന്ന സസ്യത്തിൽനിന്ന് വലിച്ചെടുക്കും. ചന്ദനത്തിനൊപ്പം നെല്ലി, കണിക്കൊന്ന, വേപ്പ്, ചീര, പയറുവർഗങ്ങൾ എന്നിവ നടണം. തൈയോടൊപ്പം നിലവിൽ ഇവ ലഭിക്കും. 50 സെന്റീമീറ്റർ വരെ വളർച്ച എത്തുമ്പോൾ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കണം.