കട്ടപ്പന നഗരമധ്യത്തിൽ റോഡിൽ കുഴികൾ രൂപപ്പെടുന്ന ഭാഗത്തു പതിക്കാനായി എത്തിച്ച തറയോടുകൾ കാടുകയറി മൂടിയിട്ടും അധികൃതർക്ക് അനക്കമില്ല
കട്ടപ്പന∙ നഗരമധ്യത്തിൽ റോഡിൽ കുഴികൾ രൂപപ്പെടുന്ന ഭാഗത്തു പതിക്കാനായി എത്തിച്ച തറയോടുകൾ കാടുകയറി മൂടിയിട്ടും അധികൃതർക്ക് അനക്കമില്ല. മാർക്കറ്റ് ജംക്ഷൻ-കുന്തളംപാറ പൊതുമരാമത്ത് റോഡിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന ഭാഗത്താണ് റോഡിൽ പാകാനായി എത്തിച്ച തറയോടുകളാണു കാടുകയറി മൂടിയത്.
പഴയ ബസ് സ്റ്റാൻഡിലൂടെ എത്തുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കുന്തളംപാറ റോഡിലെ ഈ ഭാഗത്ത് എത്തിയശേഷമാണ് പുതിയ സ്റ്റാൻഡിലേക്ക് പോകുന്നത്. പഴയ സ്റ്റാൻഡിൽ നിന്ന് എത്തുന്ന ഭാഗത്ത് ഇറക്കമായതിനാൽ അവിടെ നിന്ന് മഴവെള്ളം കുത്തിയൊഴുകി ടാറിങ് തകരുന്നത് പതിവാണ്. 3 ഭാഗത്തു നിന്നും വാഹനങ്ങൾ എത്തുന്നതിനാലും കുഴികൾ ഒഴിവാക്കാൻ വാഹനങ്ങൾ വെട്ടിച്ചു നീക്കുമ്പോഴുമെല്ലാം ഇവിടെ അപകടം സംഭവിക്കാണുണ്ട്. ടാറിങ് നടത്തിയാലും അധികം വൈകാതെ അതു തകരും.
പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന ആവശ്യത്തെ തുടർന്ന് മാസങ്ങൾക്കു മുൻപാണ് ഇവിടെ തറയോടുകൾ എത്തിച്ച് റോഡരികിൽ അടുക്കിയത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പണി നടത്താൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. രാത്രി ചിലർ തറയോടുകൾ കടത്തിക്കൊണ്ടു പോകുന്നതായും ആക്ഷേപമുണ്ട്.