മൃതദേഹം പ്ലാസ്റ്റിക് കൊണ്ടു മുഖം മറച്ചു നഗ്നമായ നിലയിൽ; കുഴിയിൽ മുളകുപൊടി വിതറി…
അടിമാലി ∙ പണിക്കൻകുടി മാണിക്കുന്നേൽ ബിനോയിയുടെ വീട്ടിലെ അടുപ്പിനു താഴെ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇന്നലെ ഫൊറൻസിക് വിദഗ്ധരെത്തി പുറത്തെടുത്ത മൃതദേഹം കാമാക്ഷി താമഠത്തിൽ സിന്ധുവിന്റേതാണെന്നു മകനും സഹോദരനും തിരിച്ചറിഞ്ഞു. മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമ ബിനോയിയുടെ (56) പേരിൽ കൊലക്കുറ്റം ചുമത്തി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
രണ്ടാഴ്ചയായി ഒളിവിൽ കഴിയുന്ന ഇയാൾക്കു വേണ്ടി തിരച്ചിൽ ഊർജിതമാക്കി. ഇടുക്കി തഹസിൽദാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഇന്നലെ രാവിലെയാണ് അടുപ്പു പൊളിച്ചു സിന്ധുവിന്റെ (45) മൃതദേഹം പുറത്തെടുത്തത്. പ്ലാസ്റ്റിക് കൊണ്ടു മുഖം മറച്ചു നഗ്നമായ നിലയിലായിരുന്നു മൃതദേഹം. കുഴിയിൽ മുളകുപൊടി വിതറിയിരുന്നു. മൂക്കുത്തി ഒഴികെ, കഴുത്തിലും കാതിലും അണിഞ്ഞിരുന്ന ആഭരണങ്ങൾ ഊരിമാറ്റിയ നിലയിലാണ്.
മൃതദേഹം അഴുകിയ നിലയിലാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ശ്വാസം മുട്ടിക്കുന്നതിനിടെ സിന്ധുവിനു മർദനം ഏറ്റിട്ടുണ്ടെന്നും വാരിയെല്ലുകൾ പൊട്ടിയകന്ന നിലയിലാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ബിനോയിയുടെ വീടിന്റെ അയൽവീട്ടിലാണു സിന്ധുവും 12 വയസ്സുകാരൻ മകനും വാടകയ്ക്കു താമസിച്ചിരുന്നത്. ഭർത്താവുമായി അകന്നു കഴിയുന്ന സിന്ധുവും ബിനോയിയും അടുപ്പത്തിലായിരുന്നു.
സിന്ധു വീണ്ടും ഭർത്താവുമായി അടുത്തതോടെ ബിനോയ് വഴക്കുണ്ടാക്കിയിരുന്നു. കൊന്നുകളയുമെന്നു ബിനോയ് സിന്ധുവിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നു മകൻ പറയുന്നു. ഒരാഴ്ചയോളം ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞ സിന്ധുവിനെ തിരികെ വാടകവീട്ടിലെത്തിയതിനു പിറ്റേന്നാണു കാണാതായത്. സിന്ധുവിനെ കൊലപ്പെടുത്തി അടുക്കളയിൽ കുഴിച്ചു മൂടിയ ശേഷം മുകളിൽ അടുപ്പു കെട്ടി തീ കത്തിച്ചതായാണ് സൂചന.
പഴയ അടുപ്പാണെന്നു തോന്നിക്കാൻ അടുപ്പിലെ ചാരം വാരി വിതറുകയും ചെയ്തിട്ടുണ്ട്. സിന്ധുവിനെ കാണാതായ ശേഷം അടുപ്പു നിർമിച്ചതിനെപ്പറ്റി സിന്ധുവിന്റെ മകനു സംശയം ഉണ്ടായതും അടുപ്പിൽനിന്ന് ദുർഗന്ധം ഉയർന്നതും മൃതദേഹം കണ്ടെത്തുന്നതിനു സഹായകരമായി. തഹസിൽദാർ വിൻസന്റ് ജോസഫ്, ഡിവൈഎസ്പി ഇമ്മാനുവൽ പോൾ, സയന്റിഫിക് വിരലടയാള വിദഗ്ധർ എന്നിവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.
കഴിഞ്ഞ മാസം 15 മുതൽ ബിനോയ് ഒളിവിലാണ്. മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ അനുസരിച്ച് കമ്പം, കുമളി, ചങ്ങനാശേരി, പാലക്കാട് എന്നിവിടങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തി. എന്നാൽ 4 ദിവസമായി ഫോൺ ഓഫ് ചെയ്തിരിക്കുകയാണ്. കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ അന്വേഷണത്തിനു നിയോഗിക്കുമെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസ്വാമി പറഞ്ഞു.
സൂചന കിട്ടിയിട്ടും പൊലീസ് കണ്ടില്ല; മകനും ബന്ധുക്കളും ചേർന്ന് കണ്ടെത്തി
സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത് ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ്. പണിക്കൻകുടിക്ക് സമീപമായി ഒരു കുന്നിന്റെ മുകളിൽ ഈ രണ്ടു വീടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇടയ്ക്ക് കൂലിപ്പണിക്ക് പോയാണ് സിന്ധുവും മകനും കഴിഞ്ഞിരുന്നത്. ചെറിയ രീതിയിൽ ഏലക്കൃഷിയും മറ്റുമായിരുന്നു ബിനോയിയുടെ വരുമാനം. സിന്ധുവിനെ കാണാതായെന്ന് സഹോദരൻ ബിജു കുട്ടപ്പൻ പൊലീസിൽ പരാതി നൽകിയതോടെ വീടു പൂട്ടി ബിനോയി പോയി.
ചുടുകട്ട കൊണ്ടു നിർമിച്ച ഈ വീടിന് അടുക്കള ഭാഗത്തു കതക് ഇല്ല. ഇതുവഴി കയറിയ സിന്ധുവിന്റെ മകൻ അഖിൽ പുതിയ അടുപ്പു കണ്ടതു സംശയത്തിനിടയാക്കി. ബിനോയിയുടെ വീട്ടിലെ അടുപ്പ് അടുത്ത നാളിൽ പൊളിച്ചു പണിതതായി സിന്ധുവിന്റെ മകൻ പൊലീസിനോട് പറഞ്ഞെങ്കിലും കാര്യമായെടുത്തില്ല എന്നു കുടുംബാംഗങ്ങൾ പറയുന്നു.
വെള്ളത്തൂവൽ പൊലീസ് പൊലീസ് നായയുമായി പരിശോധനയ്ക്ക് എത്തിയെങ്കിലും അസ്വാഭാവികത ഒന്നും കണ്ടെത്താനായില്ല. എന്നാൽ, മകൻ സംശയത്തിൽ ഉറച്ചുനിന്നതോടെ വ്യാഴാഴ്ച ബന്ധുക്കളും നാട്ടുകാരും ബിനോയിയുടെ വീട്ടിലെത്തി അടുപ്പിന്റെ അടിഭാഗം ഇളക്കി പരിശോധിച്ചപ്പോഴാണു സിന്ധുവിന്റെ വിരലുകൾ കണ്ടെത്തിയത്. തുടർന്നാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയതും മൃതദേഹം കണ്ടെത്തിയതും.