മാതൃകാ കര്‍ഷക പുരസ്‌കാരം നേടിയ ഇ.ജെ തോമസിനെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു
സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ മാതൃക കര്‍ഷകനുള്ള പുരസ്‌കാരം നേടിയ തോപ്രാംകുടി തോമസ് ഇലന്തിമറ്റത്തിനെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു. ഇടുക്കി താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ സംഘടിപ്പിച്ച യോഗത്തിലാണ് ആദരിച്ചത്. കാര്‍ഷിക പുരസ്‌കാരങ്ങള്‍ കാര്‍ഷിക മേഖലയ്ക്കുള്ള അംഗീകാരംകൂടിയാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് കാര്‍ഷിക മേഖലയിലുണ്ടായ കഷ്ട നഷ്ടങ്ങള്‍ വിലയിരുത്തി കാര്‍ഷിക പുനരുജ്ജീവനത്തിന് ഇടുക്കി പാക്കേജില്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു. മൈക്രോ ഇറിഗേഷന്‍ പദ്ധതിയിലൂടെ നാണ്യവിളകള്‍ക്ക്കൂടി ജലസേചനം ലഭ്യമാകുന്ന പദ്ധതി ആസൂത്രണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
കാര്‍ഷിക വികസന ബാങ്കിന്റെ സംസ്ഥാനത്തെ മാതൃക കര്‍ഷകനുള്ള പുരസ്‌കാരം സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ തോമസ് ഇ.ജെ ഇലന്തിമറ്റത്തിന് കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
ഇടുക്കി താലൂക്ക് കാര്‍ഷിക ഗ്രാമീണ വികസന ബാങ്കിന്റെ അംഗ സമാശ്വാസ നിധി വിതരണം കര്‍ഷക കടാശ്വാസ കമ്മീഷന്‍ അംഗം ജോസ് പാലത്തിനാല്‍ നിര്‍വഹിച്ചു. അംഗ സമാശ്വാസ നിധി പദ്ധതി പ്രകാരം 5 പേര്‍ക്ക് ഒരു ലക്ഷത്തി പതിനാലായിരം രൂപയാണ് വിതരണം ചെയ്തത്. നിര്‍ധനരായ സഹകരണ അംഗങ്ങളുടെ രോഗ കാഠിന്യവും സാമ്പത്തിക ശേഷിയും അടിസ്ഥാനമാക്കിയാണ് സമാശ്വാസ തുക നിശ്ചയിച്ചിരിക്കുന്നത്.
ചടങ്ങില്‍ മന്ത്രിയുടെ ചിത്രവുമായെത്തിയ കട്ടപ്പന സ്വദേശി രാഹുലിനെയും മന്ത്രി അഭിനന്ദിച്ചു. കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് രാഹുല്‍. രാഹുലിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സെല്‍ഫിയുമെടുത്താണ് മന്ത്രി റോഷി അഗസ്റ്റിന്‍ മടങ്ങിയത്.
കാര്‍ഷിക വികസന ബാങ്ക് ഭരണ സമിതി കണ്‍വീനര്‍ ഷാജി ജോസഫ് കാഞ്ഞമല അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ സാജന്‍ കുന്നേല്‍ സ്വാഗതവും ജോയി വള്ളിയാംതടം കൃതജ്ഞതയും രേഖപ്പെടുത്തി. ബാങ്ക് സെക്രട്ടറി പി.ബി സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.