മത്തായിപ്പാറ-ഉപ്പുതറ-പരപ്പ് യാത്ര ദുഷ്കരം;മഴ കഴിഞ്ഞാൽ ടാറിങ്?
ഉപ്പുതറ: ടാറിങ് പൊളിഞ്ഞ് കുണ്ടും കുഴിയുമായതോടെ മത്തായിപ്പാറ-ഉപ്പുതറ- പൊന്നരത്താൻ പരപ്പ് റോഡിലെ യാത്ര ദുരിതമായി. തേക്കടി-കൊച്ചി സംസ്ഥാന പാതയുടെ ഭാഗമായ റോഡ് തകർന്നിട്ട് വർഷങ്ങളായി. ഉപ്പുതറ ടൗണിൽ പാലം ജങ്ഷൻ മുതൽ മേച്ചേരിക്കട ബസ് സ്റ്റാൻഡ് വരെയാണ് റോഡ് ഏറ്റവും കൂടുതൽ തകർന്നു കിടക്കുന്നത്.
ഇതുവഴി ചെറുവാഹനങ്ങളിലെ യാത്ര ബുദ്ധിമുട്ടാണ്. മെറ്റൽ ഇളകി കിടക്കുന്നതിനാൽ കാൽനടയും ദുഷ്കരമാണ്. ഇളകികിടക്കുന്ന മെറ്റലിൽ തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. കുഴിയിൽ ചാടാതെ വാഹനം വെട്ടിച്ചു മാറ്റുമ്പോഴും അപകടം ഉണ്ടാകാറുണ്ട്.
ഐറിഷ് ഓടയോടുകൂടി ബി.എം.ബി.സി. മാതൃകയിൽ വാഗമൺ മുതൽ പരപ്പ് വരെ വീതികൂട്ടി റോഡ് ടാറിങ് നടത്താൻ 2019-ൽ 22.50 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇതിന്റെ നിർമാണം 2020 ജൂൺ ഒൻപതിന് തുടങ്ങിയെങ്കിലും മത്തായിപ്പാറക്ക് സമീപം വരെയാണ് ഇതുവരെ ടാറിങ് നടന്നത്. ബാക്കി ഭാഗം തകർന്നു കിടക്കുകയാണ്. നാട്ടുകാരും വ്യാപാരികളും പല തവണ ആവശ്യപ്പെട്ടെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടിയുണ്ടായില്ല.
മഴ കഴിഞ്ഞാൽ ടാറിങ്
മഴക്കാലം കഴിഞ്ഞാലുടൻ വീതി കൂട്ടിയുള്ള റോഡ് ടാറിങ് തുടങ്ങും, ഒരാഴ്ചക്കുള്ളിൽ കുഴിയടച്ച് ഗതാഗതത്തിന് താത്കാലിക പരിഹാരം ഉണ്ടാക്കും