മരണം താണ്ഡവമാടുന്ന രണ്ടാം തരംഗം; കേരളത്തില്‍ കോവിഡ് മരണം 20,000 കടന്നു
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. 20,134 പേരാണ് ഇന്നുവരെ കോവിഡ് ബാധിച്ചു മരിച്ചത്. 2020 മാർച്ച് 28 നാണ് കേരളത്തിൽ ആദ്യത്തെ കോവിഡ് മരണം നടന്നത്. ആദ്യതരംഗത്തിൽ, 2021 മാർച്ച് മാസം പകുതി വരെ ആകെ സംഭവിച്ചത് 4406 മരണങ്ങളാണെങ്കിൽ രണ്ടാം തരംഗത്തിൽ ഇതുവരെ അതിന്റെ മൂന്നിരട്ടി മരണങ്ങളാണ് നാം കാണുന്നത്.
2021 ഏപ്രിൽ വരെ കേരളത്തിലെ പ്രതിമാസ കോവിഡ് മരണസംഖ്യ ആയിരം കടന്നിട്ടില്ല. രണ്ടാം തരംഗത്തിൽ പ്രഹരശേഷിയേറിയ ഡെൽറ്റ വൈറസിന്റെ വരവോടെ മെയ് മാസത്തിൽ തന്നെ മരണം 3507 ആയി. ഇതേത്തുടർന്ന് ജൂൺ ഏഴിന് കേരളത്തിലെ ആകെ കോവിഡ് മരണസംഖ്യ 10,000 കടന്നു. ജൂൺ മാസത്തിലാണ് ഏറ്റവുമധികം കോവിഡ് മരണങ്ങൾ സംഭവിച്ചത് – 4450 പേരാണ് ജൂണിൽ കോവിഡ് ബാധിച്ചു മരിച്ചത്. പിന്നീട് ജൂലൈയിൽ 3546 പേരും ഓഗസ്റ്റിൽ ഇതുവരെ 3353 പേരും മരണമടഞ്ഞു.
2020 മാർച്ച് 28-ൽ തുടങ്ങി 389 ദിവസം കൊണ്ടാണ് (2021 ഏപ്രിൽ 21 വരെ) മരണസംഖ്യ അയ്യായിരത്തിലെത്തിയത്. തുടർന്ന് 46 ദിവസങ്ങൾ കൊണ്ട് (ജൂൺ 7) അത് പതിനായിരത്തിലെത്തി. ശക്തമായ നിയന്ത്രണങ്ങളുണ്ടായിട്ടും തുടർന്നുള്ള ദിവസങ്ങളിൽ മരണനിരക്ക് കാര്യമായി കുറഞ്ഞില്ല എന്നുവേണം കരുതാൻ. കാരണം കൃത്യം 79 ദിവസങ്ങൾ കൊണ്ട് ഇതിന്റെ ഇരട്ടി മരണങ്ങൾ സംഭവിച്ചു കഴിഞ്ഞു.
2021 ജൂൺ രണ്ടിനാണ് കേരളത്തിലെ പ്രതിദിന മരണസംഖ്യ 200 കടക്കുന്നത് (213). തുടർന്ന് ഇത് ക്രമേണ കുറഞ്ഞ് 100 ൽ താഴെയെത്തിയെങ്കിലും പിന്നീടുള്ള മൂന്നു മാസക്കാലമെത്തുമ്പോൾ, ഇന്നലെ അതായത് ഓഗസ്റ്റ് 25-ന് അത് സമാന സംഖ്യയി(215)ലെത്തിയിരിക്കുന്നു.
ഏറെ പരിശ്രമങ്ങളുണ്ടായിട്ടും രണ്ടാം തരംഗത്തിലെ ഉയർന്ന മരണനിരക്കിനെ ഇനിയും പിടിച്ചു നിർത്തായിട്ടില്ല എന്നു കാണാം. മരണനിരക്ക് കുറച്ചുകൊണ്ടുവരുന്നതിന് സർക്കാരിൽനിന്നും ശക്തമായ നടപടികളുണ്ടാവും എന്നു തന്നെ വേണം കരുതാൻ.
കോവിഡ് ബാധിച്ച് മരിച്ചവരിലധികവും പുരുഷന്മാരാണ്, പതിനൊന്നായിരത്തിലധികം പേർ. 60 വയസ്സിനു മുകളിലുള്ള 14,643 പേരും 41-59 പ്രായക്കാരായ 4481 പേരും 18-40 പ്രായക്കാരായ 809 പേരും ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 17 ൽ താഴെ പ്രായക്കാരായ 39 പേർ മാത്രമാണ് മരിച്ചത്. കൃത്യമായി പറഞ്ഞാൽ 61-70 പ്രായക്കാരായ 5677 പേരും 71-80 പ്രായക്കാരായ 5087 പേരും കോവിഡ് ബാധിച്ചു മരിച്ചു. (ഓഗസ്റ്റ് 25 ലെ കണക്കുപ്രകാരം)
31-നും 60-നും ഇടയിൽ പ്രായമുള്ള 5713 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതിലേറെയും സംഭവിച്ചത് രണ്ടാം തരംഗത്തിലാണ്. മരിച്ചവരിൽ ഏറിയ പങ്കും സമ്പർക്കം മൂലം കോവിഡ് ബാധയുണ്ടായവരാണ്.
കോവിഡ് മരണം പതിനായിരം കടന്നപ്പോൾ ഏറ്റവുമധികം മരണം രേഖപ്പെടുത്തിയ ജില്ല (2112) തിരുവനന്തപുരമാണ്. ആയിരത്തിലേറെ മരണങ്ങളോടെ തൃശ്ശൂരും (1155) കോഴിക്കോടും (1072) ആയിരുന്നു തിരുവനന്തപുരത്തിന് പിന്നിലുണ്ടായിരുന്നത്.
ആകെ മരണം ഇരുപതിനായിരത്തിലെത്തി നിൽക്കുമ്പോൾ മൂവായിരത്തിനു മുകളിൽ (3499) മരണങ്ങളോടെ തിരുവനന്തപുരം തന്നെയാണ് മുന്നിൽ. രണ്ടായിരത്തിലേറെ മരണങ്ങളോടെ പിന്നിൽ തൃശ്ശൂരും (2232) കോഴിക്കോടും (2109) എറണാകുളവു(2014) മുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിൽ മരണസംഖ്യ രണ്ടായിരത്തിനോടടുക്കുന്നു. കൊല്ലം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ മരണസംഖ്യ ആയിരത്തിനു മകളിലാണ്. ഏറ്റവും കുറവ് ആളുകൾ കോവിഡ് ബാധിച്ചു മരിച്ചത് ഇടുക്കി ജില്ലയിലാണ്, 263 പേർ.
ആദ്യഘട്ടത്തിൽ പ്രതിദിന മരണസംഖ്യയിൽ മുന്നിലായിരുന്ന തിരുവനന്തപുരം ജില്ലയിൽ ഇപ്പോൾ പ്രതിദിന മരണങ്ങൾ കുറഞ്ഞിട്ടുള്ളതായി കാണാം. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിലാണ് ഇപ്പോൾ കോവിഡ് മരണങ്ങളിലേറെയും സംഭവിക്കുന്നത്.
കേസ്-മരണാനുപാതത്തിൽ തിരുവനന്തപുരം തന്നെയാണ് ഇപ്പോഴും മുന്നിൽ. 0.98 കേസ്-മരണാനുപാതമുള്ള തിരുവനന്തപുരത്ത് കോവിഡ് ബാധിക്കുന്ന 100 പേരിൽ ഒരാൾ മരിക്കുന്നു എന്നുവേണം കരുതാൻ. പാലക്കാട് (0.64), കണ്ണൂർ (0.6), തൃശ്ശൂർ (0.57), കൊല്ലം (0.51), കോഴിക്കോട് (0.5) ജില്ലകൾ പുറകിലുണ്ട്. ഇടുക്കിയിലാണ് ഏറ്റവും കുറവ് (0.25).
കേരളം കോവിഡ് മരണങ്ങൾ കുറച്ചു കാണിക്കുന്നു എന്ന ആക്ഷേപം ഈയവസരത്തിലും വ്യാപകമാണ്. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ പേരുകൾ പ്രസിദ്ധപ്പെടുത്തുന്നത് സംസ്ഥാന ആരോഗ്യ വകുപ്പ് ഇടക്ക് നിർത്തിയിരുന്നുവെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടർന്ന് ഇത് വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങി. സിവിൽ മരണ രജിസ്ട്രേഷൻ പ്രകാരം മഹാമാരിക്കു മുൻപുള്ള കാലയളവിലേക്കാൾ കൂടുതൽ മരണം ഈ കാലയളവിൽ സംഭവിച്ചിട്ടുള്ളതായി ദി ന്യൂസ് മിനിട്ട്അടുത്തിടെ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.
കോവിഡ് നെഗറ്റീവായ ശേഷവും കോവിഡനന്തര പ്രശ്നങ്ങളാൽ മരിക്കുന്നവരുടെ എണ്ണം രണ്ടാം തരംഗത്തിനിടെ ഏറെ കൂടിയിട്ടുണ്ടെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
ഓണം അവധി കഴിഞ്ഞുള്ള ദിനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പേടിപ്പെടുത്തുന്നവിധം വർദ്ധിച്ചിട്ടുണ്ട്. മരണനിരക്ക് കുറഞ്ഞിട്ടുമില്ല. അതേസമയം ഇനിയും അടച്ചിടുന്നത് ഒരു പ്രതിവിധിയാകുന്നുമില്ല. സാമൂഹ്യ അകലവും മാസ്ക്കും സാനിറ്റൈസറും മാത്രമാണ് നമുക്ക് തുണയാവുക. ഒപ്പം കിട്ടുന്ന ആദ്യ അവസരത്തിൽ തന്നെ വാക്സിനെടുക്കുകയും ചെയ്യുക. പ്രമേഹം, വൃക്കരോഗം, ഹൃദ്രോഗം പോലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവർ പരമാവധി ജാഗ്രത പാലിക്കുക. വാക്സിനെടുക്കുന്നത് കോവിഡ് മൂലമുള്ള മരണത്തെ അകറ്റി നിർത്തുമെന്നതിനാൽ എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കുക.