തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം: പ്രതിനിധികളുമായി ചര്‍ച്ച ജൂൺ21 ന്

തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം: പ്രതിനിധികളുമായി ചര്‍ച്ച ജൂൺ21 ന്
ഇടുക്കി ജില്ലയിലെ തോട്ടം മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കാനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി ജില്ലാ ഭരണകൂടം പദ്ധതി തയാറാക്കുന്നു. ഇതിന് മുന്നോടിയായി മേഖലയില്‍ നിന്നുള്ള പ്രതിനിധികളുമായി ശനിയാഴ്ച്ച (21 ) ഉച്ചയ്ക്ക് ശേഷം 2 മണി മുതല്‍ ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി നേരിട്ട് ചര്‍ച്ച നടത്തും. ജില്ലയുടെ പ്ലാന്റേഷന്‍ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് സമഗ്രമായ ഇടപെടലും കൂട്ടായ പ്രശ്നപരിഹാരവും വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് കളക്ടര്‍ പറഞ്ഞു.
പ്ലാന്റേഷന്‍ മാനേജ്മെന്റുകള്‍, അഗ്രഗേറ്റര്‍മാര്‍, കര്‍ഷകര്‍ (ചെറുകിട, നാമമാത്ര ഉള്‍പ്പെടെ), പ്ലാന്റേഷന്‍ തൊഴിലാളികള്‍, എഫ്പിഒകള്‍, വളം, ഇന്‍പുട്ട് വിതരണക്കാര്‍, ലോജിസ്റ്റിക്സ്, ഗതാഗത ദാതാക്കള്‍, പാക്കേജിംഗ്, ബ്രാന്‍ഡിംഗ് പ്രൊഫഷണലുകള്‍, തേയില, ഏലം, കാപ്പി, റബ്ബര്‍, അനുബന്ധ വിളകള്‍ എന്നീ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായോഗിക ബുദ്ധിമുട്ടുകള്‍,തോട്ടം മേഖലയിലെ നൂതന രീതികള്‍, ഉല്‍പ്പാദനക്ഷമത, മൂല്യവര്‍ദ്ധനവ്, വിപണി ബന്ധങ്ങള്‍, സുസ്ഥിരത എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരുമായോ ജില്ലാ കളക്ടറുടെ ഓഫീസുമായോ ബന്ധപ്പെടാം.
















































































































