നാട്ടുവാര്‍ത്തകള്‍
സെൽഫിയെടുക്കുന്നതിനിടെ കൂട്ടാർ പുഴയിൽ വീണ വിദ്യാർഥിനിക്കു രക്ഷകരായി യുവാക്കൾ
കൂട്ടാർ ∙ സെൽഫിയെടുക്കുന്നതിനിടെ കൂട്ടാർ പുഴയിൽ വീണ വിദ്യാർഥിനിക്കു രക്ഷകരായി യുവാക്കൾ. കൂട്ടാർ ടൗണിൽ ഓട്ടോറിക്ഷാ ഡ്രൈവറായ കോട്ടുപ്പറമ്പിൽ രഞ്ജിത്ത്, മില്ലുടമയായ അഖിൽ, പച്ചക്കറിക്കട ഉടമയായ ഷിയാസ് എന്നിവർ ചേർന്നാണു വിദ്യാർഥിനിയെ രക്ഷപ്പെടുത്തിയത്. അല്ലിയാർ സ്വദേശിനിയായ പെൺകുട്ടി കൂട്ടാറിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. പുഴയോരത്തു ഫോട്ടോ എടുക്കുന്നതിനിടെയാണു വെള്ളത്തിൽ വീണത്.
ഇതുകണ്ട കരുണാപുരം എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ഉടനെ അമ്മയെ വിവരമറിയിച്ചു. ഇവരുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണു യുവാക്കൾ ഓടിയെത്തിയത്. പെൺകുട്ടിക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഒരാൾ താഴ്ചയിൽ വെള്ളമുണ്ടായിരുന്ന ഭാഗത്തു നിന്നു സ്വന്തം ജീവൻ പണയപ്പെടുത്തി വിദ്യാർഥിനിയെ രക്ഷപ്പെടുത്തിയ യുവാക്കളെ ആദരിക്കാൻ ഒരുങ്ങുകയാണു നാട്ടുകാർ.