ഇടുക്കിയിൽ ചരിത്രമായി മെഗാ മാർഗംകളി


ഇടുക്കി രൂപതാ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നടത്തിയ മെഗാ മാർഗംകളി ചരിത്രമായി മാറി. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും എത്തിച്ചേർന്ന 2500 കലാകാരിമാരാണ് മാർഗംകളിയിൽ അണിനിരന്നത്. രാവിലെ ഇടുക്കി ന്യൂമാൻ സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേർന്ന കലാകാരിമാർ പത്തുമണിക്ക് നേരെയായി ഐഡിഎ ഗ്രൗണ്ടിൽ ക്രമീകരിച്ച ട്രാക്കുകളിൽ അണിനിരന്നു. ഹൈറേഞ്ചിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു മെഗാ മാർഗംകളി സംഘടിപ്പിക്കപ്പെടുന്നത്. സുറിയാനി ക്രിസ്ത്യാനികളുടെ തനത് കലാരൂപമായ മാർഗംകളി പുതുതലമുറയിൽ കൂടുതൽ പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ രൂപതയിൽ എല്ലാ സംഘടനകളുടെയും നേതൃത്വത്തിൽ മാർഗംകളി മത്സരം മുമ്പേ ആരംഭിച്ചിരുന്നു. പതിമൂന്നാം തീയതി നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയത്തിൽ നടക്കുന്ന രൂപതാ ദിനത്തിന്റെ ഭാഗമായാണ് ഈ മെഗാ മാർഗംകളി സംഘടിപ്പിക്കപ്പെട്ടത്. രൂപതയിലെ മാതൃവേദി, കെസിവൈഎം, മിഷൻ ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തപ്പെട്ടത്.
മെഗാ മാർഗംകളി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മാർഗംകളി സഭയുടെ തനതായ കലാരൂപമാണ്. ഇതിനെ നിലനിർത്തേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും നമ്മുടെ കടമയാണ് എന്ന് അദ്ദേഹം പറഞ്ഞു. സഭയെ നയിക്കാൻ പുതിയ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടതിന്റെ വലിയ സന്തോഷത്തിൽ ആയിരിക്കുന്ന ഈ സമയം ഈ മെഗാ മാർഗംകളി പുതിയ മാർപാപ്പയ്ക്ക് വേണ്ടി സമർപ്പിക്കുന്നു എന്നും അദ്ദേഹം ഓർമിപ്പിച്ചു. എല്ലാവരുടെയും കൂട്ടായ്മയും സഹകരണവും കൂടുതൽ വർദ്ധിക്കുന്നതിന് ഇത്തരത്തിലുള്ള അവസരങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് വയസ്സ് മുതൽ 82 വയസ്സു വരെയുള്ള ആളുകൾ മാർഗംകളിയുടെ ഭാഗമായി. നിരവധി ആളുകളാണ് മാർഗങ്ങളിലെ കാണാൻ എത്തിച്ചേർന്നത്. വിപുലമായ ഒരുക്കങ്ങളാണ് ഇടുക്കിയിൽ നടന്നത്. രൂപതാ വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ,മോൺ. അബ്രാഹം പുറയാറ്റ്, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആൻസി തോമസ്, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജോർജ് പോൾ തുടങ്ങിയ നിരവധി ജനപ്രതിനിധികളും എത്തിച്ചേർന്നു.
രൂപതാ ദിനത്തിന്റെ ഭാഗമായി പന്ത്രണ്ടാം തീയതി തിങ്കളാഴ്ച രൂപതയിലെ ജൂബിലി തീർഥാടന കേന്ദ്രങ്ങളായ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ ദൈവാലയത്തിൽ നിന്നും വിശുദ്ധ തോമാശ്ലീഹായുടെ ഛായാചിത്ര പ്രയാണവും അടിമാലി സെന്റ് ജൂഡ് ദൈവാലയത്തിൽ നിന്ന് ദീപശിഖാ പ്രയാണവും രാജകുമാരി ദൈവമാതാ ദൈവാലയത്തിൽ നിന്നും പതാക പ്രയാണവും നെടുംകണ്ടത്തേക്ക് പുറപ്പെടും. വൈകിട്ട് 5 മണിക്ക് നെടുങ്കണ്ടം കരുണ ആനിമേഷൻ സെന്ററിൽ ഈ പ്രയാണങ്ങൾ എത്തിച്ചേരും. 5 30ന് അവിടെനിന്നും രൂപതാദിന വിളംബര വാഹന ജാഥ ആരംഭിക്കും. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന ഈ വിളംബര ജാഥ നെടുങ്കണ്ടം ടൗണിലൂടെ കടന്ന് സമ്മേളന നഗരിയിൽ എത്തിച്ചേരും.
പതിമൂന്നാം തീയതി ചൊവ്വാഴ്ച രാവിലെ 8:45ന് സമൂഹ ബലിക്ക് ഒരുക്കമായുള്ള പ്രദക്ഷിണം നെടുംകണ്ടം സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ നിന്നും ആരംഭിക്കും. സമൂഹ ബലിക്ക് രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും. രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരായിരിക്കും. രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന സമർപ്പിതരും എല്ലാ ഇടവകകളിൽ നിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കും. തുടർന്നു നടക്കുന്ന സമ്മേളനം സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും മാർ ജോൺ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിക്കും. കേരള ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. ജഗദൽപൂർ രൂപതാ മെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ,അഡ്വ. ഡീൻ കുര്യാക്കോസ് എംപി, ശ്രീ. എം എം മണി എംഎൽഎ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. വിവിധ മേഖലകളിൽ മികവ് പുലർത്തിയവരും ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുള്ളവരുമായ രൂപതാഗംങ്ങളെ വേദിയിൽ ആദരിക്കുെമെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് പറഞ്ഞു