‘കെ.എസ് കെപിസിസി പ്രസിഡന്‍റായി തുടരണം’; കെ.സുധാകരനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ


കെ. സുധാകരനെ അനുകൂലിച്ച് ഫ്‌ളക്സ് ബോർഡുകൾ. “തുടരണം ഈ നേതൃത്വം” എന്ന മുദ്രാവാക്യവുമായി തൊടുപുഴയിലും മൂവാറ്റുപുഴയിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. “ധീരമായ നേതൃത്വം”, “സേവ് കോൺഗ്രസ്” തുടങ്ങിയ മുദ്രാവാക്യങ്ങളോട് കൂടിയ ഫ്‌ളക്സ് ബോർഡുകൾ തൊടുപുഴയിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും മൂവാറ്റുപുഴ ടൗൺ മേഖലകളിലുമാണ് പ്രത്യക്ഷപ്പെട്ടത്.
കെ സുധാകരനെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ പലയിടങ്ങളും ഫ്‌ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. കാസർകോട് ഡിസിസി ഓഫീസിന് മുന്നിലും ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡൻ്റായി സുധാകരൻ തുടരട്ടെ എന്ന് ഫ്ലക്സിൽ പറയുന്നു. യുദ്ധം ജയിച്ചു മുന്നേറുമ്പോൾ സൈന്യാധിപനെ പിൻവലിക്കുന്നത് എതിർപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കുന്നതിനു തുല്യമാണെന്നും ഫ്ളക്സിലുണ്ട്.സേവ് കോൺഗ്രസ് കാസർകോട് എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്. കണ്ണൂർ പയ്യന്നൂരിലും സുധാകരനെ അനുകൂലിച്ചു പോസ്റ്ററുകൾ പതിച്ചു. ജനനായകൻ കെഎസ് തുടരണം എന്നാണ് പോസ്റ്ററിൽ ഉള്ളത്.”കോൺഗ്രസ് പോരാളികൾ ‘ എന്ന പേരിലാണ് പോസ്റ്ററുകള്‍ ഉള്ളത്.
കെപിസിസി അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാന്‍ ഹൈക്കമാന്റ് നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ ചില പ്രതിസന്ധികള്‍ ഉണ്ടാകുമെന്നും, എന്നാല്‍ മാറ്റം അനിവാര്യമാണെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഹൈക്കമാന്റ് നേതാക്കളെ അറിയിച്ചു. കെ സുധാകരന്‍ മാറ്റത്തെ സ്വീകരിച്ചാലും ഇല്ലെങ്കിലും പ്രഖ്യാപനം വൈകില്ലെന്നാണ് പ്രമുഖ നേതാക്കള്‍ക്ക് ലഭിച്ച വിവരം.