പ്രകൃതി സൗഹൃദ പ്രദർശനവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്


കര കൗശല വസ്തുക്കൾ, ചിരട്ട കൊണ്ടുള്ള പ്രതിമകൾ, മുള ഉപയോഗിച്ചുള്ള ബാഗുകൾ, ലൈറ്റുകൾ, ചകിരി കൂടുകൾ, ചൂരൽ കസേരകൾ തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ കൊണ്ട് ശ്രദ്ധേയമാകുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്റ്റാളുകൾ. വകുപ്പിന്റെ കീഴിൽ പീരുമേട്, മൂന്നാർ ഗ്രാമപഞ്ചായത്തുകളുടെയും കെ-സ്മാർട്ടിന്റെയും സ്റ്റാളാണ് ഒരുക്കിയിരിക്കുന്നത്.
ഒറ്റക്കുടക്കീഴിൽ നിന്നുകൊണ്ട് ജനന മരണ രജിസ്ട്രേഷൻ, വസ്തു നികുതി, പൊതുജന പരാതി പരിഹാരം എന്നിങ്ങനെ വിവിധ സേവനങ്ങളാണ് കെ സ്മാർട്ട് സംവിധാനം വഴി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്നത്. കെ – സ്മാർട്ട് വഴിയുള്ള സേവനങ്ങൾ എന്റെ കേരളം പ്രദർശന വിപണമേളയിൽ പൊതുജനങ്ങൾക്കായി പരിചയപ്പെടു ത്തുകയും സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നു.
കൂടാതെ, പ്രകൃതി സൗഹൃദ പ്രദർശനവുമായി കുമളി, മൂന്നാർ, പീരുമേട് എന്നീ പഞ്ചായത്തുകളുടെ സ്റ്റാളുകളും മേളയിൽ ശ്രദ്ധ നേടുന്നു. ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ, ചിരട്ട, പാത്രങ്ങൾ തുടങ്ങിയ സാധനങ്ങൾ കൊണ്ട് നിർമ്മിച്ച പൂച്ചട്ടികൾ, അലങ്കാരവസ്തുക്കൾ എന്നിങ്ങനെ കുമളി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ നടത്തുന്ന പ്രദർശനം കണ്ണിനു കുളിർമയേകുന്നു.
മൂന്നാർ പഞ്ചായത്തിന്റെ ജൈവവളം, മറയൂർ ശർക്കര, വിവിധ തരം ജാമുകൾ എന്നിവയുടെ വിപണനവും പീരുമേട് പഞ്ചായത്തിന്റെ കരകൗശല ഉൽപ്പന്നങ്ങളുടെ വിപണനവും കുറഞ്ഞ വിലയിൽ സ്റ്റാളിൽ സജ്ജമാക്കിയിരിക്കുന്നു.