‘ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’; ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്


വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ‘ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’ എന്ന തലക്കെട്ടോടെയാണ് മന്ത്രി ഫേസ്ബുക്കിൽ ചിത്രംപങ്കുവെച്ചിരിക്കുന്നത്. എം വി ഗോവിന്ദൻ, കെ എൻ ബാലഗോപാൽ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
രാവിലെ 11 മണിക്ക് വിഴിഞ്ഞം തുറമുഖത്ത് തയ്യാറാക്കിയിരിക്കുന്ന പടുകൂറ്റൻ വേദിയിലാണ് കമ്മീഷനിങ് ചടങ്ങുകൾ നടക്കുക. ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞത്തെത്തി. 10.40 മുതൽ 20 മിനിറ്റ് സമയം അദ്ദേഹം പോർട്ട് ഓപ്പറേഷൻ സെൻ്റർ സന്ദർശിക്കും. പിന്നാലെ 11:00 മണിക്ക് ആരംഭിക്കുന്ന ചടങ്ങ് കൃത്യം ഒന്നരമണിക്കൂറിൽ പൂർത്തിയാവും. മുഖ്യമന്ത്രി പിണറായി വിജയൻ , കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി , ജോർജ് കുര്യൻ, തലസ്ഥാനത്തുനിന്നുള്ള മന്ത്രിമാർ , ഡോ. ശശി തരൂർ എം.പി, അടൂർ പ്രകാശ് എം.പി, എ. എ റഹീം എം.പി, എം വിൻസെൻ്റ് എം.എൽ.എ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർക്ക് വേദിയിൽ സ്ഥാനമുണ്ടാകും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.