മുൻ എംഎൽഎ എസ്.രാജേന്ദ്രൻ സിപിഐലേക്കെന്ന് അഭ്യൂഹം
മൂന്നാർ∙ മുൻ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ സിപിഎം വിട്ട് സിപിഐയിലേക്കു പോകുമെന്നു പ്രചാരണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചു ജയിച്ച എ.രാജയെ തോൽപിക്കാൻ രാജേന്ദ്രൻ ശ്രമിച്ചെന്ന പരാതിയിൽ പാർട്ടി അന്വേഷണ കമ്മിഷന്റെ തെളിവെടുപ്പു നടക്കുന്നതിനിടയിലാണ് രാജേന്ദ്രന്റെ പുതിയ നീക്കം. ഇതു സംബന്ധിച്ചു സിപിഐയിലെ രണ്ട് മുതിർന്ന പ്രാദേശിക നേതാക്കൾ രാജേന്ദ്രനുമായി പലതവണ ചർച്ച നടത്തിയതായും പഴയ മൂന്നാറിലെ ഒരു റിസോർട്ടിൽ വച്ചാണ് ചർച്ച നടന്നതെന്നുമാണു വിവരം.
എസ്റ്റേറ്റ് മേഖലയിലെ ചില സമുദായാംഗങ്ങൾക്കിടയിലുള്ള രാജേന്ദ്രന്റെ സ്വീകാര്യത പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സിപിഐ വിലയിരുത്തുന്നത്. 5 വർഷം ജില്ലാ പഞ്ചായത്തംഗവും 15 വർഷം എംഎൽഎയുമായിരുന്ന രാജേന്ദ്രന് ഇത്തവണ സീറ്റ് നൽകാത്തതിൽ സിപിഐയിലെ ചില നേതാക്കന്മാർക്ക് എതിർപ്പുണ്ടായിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ രാജേന്ദ്രനെ പാർട്ടിയിലെത്തിക്കാൻ ശ്രമം നടത്തുന്നത്. എന്നാൽ, നീക്കത്തിനെതിരെ സിപിഐയിലെ ഒരു വിഭാഗത്തിനു കടുത്ത എതിർപ്പുണ്ട്.
ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ സി.വി.വർഗീസ്, എം.എൻ.മോഹനൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷൻ ഒരാഴ്ച മുൻപ് അടിമാലി മേഖലയിൽ തെളിവെടുപ്പു നടത്തിയിരുന്നു. മൂന്നാർ, മറയൂർ മേഖലകളിൽ അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പ് നടത്താനിരിക്കുകയാണ്. എന്നാൽ സിപിഐയിലേക്കു പോകുമെന്നതു വ്യാജ പ്രചാരണമാണെന്നും അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാർട്ടി എടുക്കുന്ന ഏതു തീരുമാനവും പാർട്ടി പ്രവർത്തകനെന്ന നിലയ്ക്ക് അനുസരിക്കുമെന്നും എസ്.രാജേന്ദ്രൻ പറഞ്ഞു.