മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം 28 ന്. അഞ്ഞൂറിലധികം ക്ഷണിതാക്കൾ


സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ജില്ലാതല യോഗം ഏപ്രിൽ 28 ന് നെടുങ്കണ്ടത്ത് നടക്കും. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. നെടുങ്കണ്ടം സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തെ വേദിയില്‍ രാവിലെ 10.30 മുതല്‍ 12.30 വരെയാണ് യോഗം.
സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍, കര്‍ഷകതൊഴിലാളികള്‍, കര്‍ഷകര്‍, സംരംഭകര്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, സാംസ്‌കാരിക-കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍, വ്യവസായികള്‍, പ്രമുഖ വ്യക്തികള്‍, പൗരപ്രമുഖര്‍, ട്രേഡ് യൂണിയന്‍-തൊഴിലാളി പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട അഞ്ഞൂറിലധികം പേര്‍ പങ്കെടുക്കും.
ജനങ്ങള്‍ക്ക് പറയുവാനും പങ്കുവയ്ക്കാനുമുള്ള കാര്യങ്ങള്‍ തുറന്ന മനസോടെ കേള്‍ക്കുന്നതിനും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങള്‍ കേട്ട് അവയില്‍ നടപ്പാക്കാന്‍ കഴിയുന്നവ പ്രാവര്‍ത്തികമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ത മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് യോഗം സംഘടിപ്പിക്കുന്നത്. നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ വാഴത്തോപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് നടക്കും.