എൻ രാമചന്ദ്രന്റെ വേർപാട് താങ്ങാനാകാതെ കുടുംബം; അന്ത്യാഞ്ജലിയർപ്പിച്ച് ഗവർണറും മന്ത്രിമാരും; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം


പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന് വിട നൽകി നാട്. കൊച്ചി ചങ്ങമ്പുഴ പാർക്കിൽ ഗവർണറും മന്ത്രിമാരും അടക്കം ആയിരങ്ങളാണ് ആദരം അർപ്പിച്ചത്. പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇടപ്പള്ളി ശ്മശാനത്തിലായിരുന്നു സംസ്കാരം.
കേരള ഗവർണർ രാജേന്ദ്ര അർലേക്കർ , ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള എന്നിവർ ഒരുമിച്ചെത്തി ആദരാഞ്ജലി അർപ്പിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും അന്തിമോപചാരം അർപ്പിക്കാനെത്തി. രാജ്യം ഒറ്റക്കെട്ടായി ഭീകരതയ്ക്കെതിരെ നിലകൊള്ളേണ്ട സമയം എന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എറണാകുളം എംപി ഹൈബി ഈഡൻ അടക്കമുള്ളവർ അന്തിമോപചാരം അർപ്പിച്ചു. വീട്ടിൽ നടന്ന പൊതുദർശനം, കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും മാത്രമായി ക്രമീകരിച്ചിരുന്നു. തുടർന്ന് വിലാപയാത്രയായി ഇടപ്പള്ളിയിലെ സ്മശാനത്തിലേക്ക്. അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി ഒടുവിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
നാടിന്റെ ഹൃദയത്തിൽ രാമചന്ദ്രൻ ജീവിക്കുന്നു എന്ന് വിളിച്ചു പറയുന്നതായിരുന്നു ആദരാഞ്ജലികൾ അർപ്പിക്കാൻ ഒഴുകിയെത്തിയ ജനക്കൂട്ടം.