ജില്ലയിലെ പട്ടയ /കൈവശ ഭൂമികൾ പിടിച്ചെടുത്ത് വനമാക്കാനാണ് നാരങ്ങാനത്ത് കൈവശ ഭൂമിയിലെ കുരിശ് വനം വകുപ്പ് പൊളിച്ചതെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി


വനവിസ്തൃതി വർധിപ്പിക്കാനാണ് സർക്കാർ നീക്കം. ഇതിനുവേണ്ടിയാണ് കുരിശ് നിന്നിരുന്ന സ്ഥലമുൾപ്പടെ 4005 ഏക്കർ വനമാണെന്ന് വണ്ണപ്പുറം വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയത്. ജില്ലയിലെ മലയോര മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് ഈ നടപടി. തൊടുപുഴ റിസർവിൽ ഉൾപ്പെട്ട ഭൂമിയാണെന്നും ജോയിന്റ് വെരിഫിക്കേഷനിൽ ഈ ഭൂമി ഉൾപ്പെട്ടില്ലന്നുമാണ് കുരിശ് പൊളിച്ചതിനും പിന്നീട് ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴി തടയാൻ ശ്രമിച്ചതിനും കാരണമായി വനം വകുപ്പ് പറഞ്ഞത്. ഈ വാദം തെറ്റാണെന്ന് 2016 ജനുവരി 1ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്റെ മിനിട്സും, 2020ൽ റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവും പരിശോധിച്ചാൽ വ്യക്തമാകും.
1902 ലാണ് തൊടുപുഴ റിസർവ് വിജ്ഞാപനം ചെയ്തത്. ജില്ലയിൽ ഇപ്പോഴുള്ള പട്ടയ / കൈവശഭൂമികളെല്ലാം നൂറ്റാണ്ടുകൾക്ക് മുൻപ് വനമായിരുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും റിസർവ് നോട്ടിഫിക്കേഷന്റെ ഭാഗവുമായിരുന്നു. ഈ ഭൂമിയിലാണ് സർക്കാർ വിവിധ പദ്ധതികളിലായി ജനങ്ങളെ കുടിയിരുത്തിയത്. 123 വർഷം മുൻപുള്ള വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഭൂമിയാണെന്നാണ് കുരിശ് പൊളിച്ച സംഭവത്തെ ന്യായീകരിക്കാൻ വനം വകുപ്പ് ഉന്നയിക്കുന്ന വാദം. ഇത് അംഗീകരിച്ചാൽ നൂറ്റാണ്ടുകൾക്ക് മുൻപ് വനഭൂമിയായിരുന്നതിന്റെ പേരിൽ ജില്ലയിലെ ഏതൊരു പട്ടയ/ കൈവശ ഭൂമിയിലും വനം വകുപ്പിന് അവകാശവാദമുന്നയിക്കാൻ കഴിയും. ഇത് ഒരുകാരണവശാലും അംഗീകരിക്കില്ല.
കുരിശ് തകർക്കലിലെ
നിയമവിരുദ്ധ നടപടികൾ
1) കുരിശ് സ്ഥാപിച്ച ഭൂമി ജോയിന്റ് വെരിഫിക്കേഷനിൽ ഉൾപ്പെട്ടതല്ലന്ന വനം വകുപ്പിന്റെ വാദം തെറ്റ്.
ഇടുക്കി ജില്ലയിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 2016 ജനുവരി 1 ന് ഉന്നതതല യോഗം ചേരുകയുണ്ടായി. ഈ യോഗത്തിന്റെ മിനിട്സിൽ ഇടുക്കി, തൊടുപുഴ താലൂക്ക് പരിധിയിലുള്ള ഏതാനും വില്ലേജുകളിൽ 1/1/1977ന് മുൻപുള്ള കൈവശങ്ങൾ റവന്യു – വനം വകുപ്പുകൾ നടത്തിയ സംയുക്ത പരിശോധനയിൽ നിന്ന് ഒഴിവായി പോയതായി പറയുന്നുണ്ട്. തകർത്ത കുരിശ് സ്ഥിതി ചെയ്തിരുന്ന നാരങ്ങാനം പ്രദേശം പൂർണമായും ജോയിന്റ് വെരിഫിക്കേഷനിൽ നിന്ന് ഒഴിവാക്കപ്പെട്ട് പോയതായി ഇതിൽ വ്യക്തമായി പറയുന്നുണ്ട്. ഇവിടെ സംയുക്ത പരിശോധന നടത്താൻ ആ യോഗത്തിൽ തീരുമാനമെടുത്തിരുന്നതാണ്. അതിനാൽ ജോയിന്റ് വെരിഫിക്കേഷനിൽ ഉൾപ്പെട്ട ഭൂമിയല്ലെന്ന വനം വകുപ്പിന്റെ വാദം തെറ്റാണ്. കൂടാതെ ഈ ഏപ്രിൽ മാസം മുതൽ റവന്യു – വനം വകുപ്പുകളുടെ സംയുക്ത പരിശോധന ആരംഭിക്കുമെന്ന് റവന്യു മന്ത്രി പറയുകയും ചെയ്തിരുന്നു. ജോയിന്റ് വെരിഫിക്കേഷൻ നടത്തുന്നതിന് മുൻപ് കൈവശ ഭൂമിയിൽ അവകാശം സ്ഥാപിച്ച വനം വകുപ്പിന്റെ നടപടി നിയമ വിരുദ്ധമാണ്.
2) റവന്യു വകുപ്പിന്റെ 2020 ജൂൺ 2ലെ 2020/2020 നമ്പർ ഉത്തരവിന്റെ ലംഘനം.
ഈ ഉത്തരവിൽ ജോയിന്റ് വെരിഫിക്കേഷനിൽ ഉൾപ്പെടാത്ത ജണ്ടയ്ക്ക് പുറത്തുള്ള ഭൂമിക്ക് പട്ടയം നൽകാമെന്നാണ് പറയുന്നത്. കുരിശ് പൊളിച്ച സ്ഥലം ജണ്ടയ്ക്ക് പുറത്താണ്. അതിനാൽ ജണ്ടയ്ക്ക് പുറത്തുള്ള സ്ഥലം വനം വകുപ്പിന്റെയാണെന്ന വാദം തെറ്റാണ്.
3) നേച്ചർ ലവേർസ് മൂവ്മെന്റ് Vs കേരള സർക്കാർ കേസിലെ
2009 മാർച്ച് 20 ലെ സുപ്രീം കോടതി വിധിയുടെ ലംഘനം
1980 ലെ വനനിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് വനഭൂമിയിൽ നടന്നിട്ടുള്ള മുഴുവൻ പതിച്ച് നൽകിയതും പതിച്ച് നൽകാൻ തീരുമാനമെടുത്തിട്ടുള്ളതുമായ ഭൂമികൾ വനത്തിന്റെ പരിധിയിൽ വരുന്നതല്ലന്ന് സുപ്രീം കോടതി ഉത്തരവിൽ പറയുന്നതായി 2020ലെ റവന്യു വകുപ്പിന്റെ ഉത്തരവിൽ പറയുന്നുണ്ട്. 1960 – 70 കളിൽ തൊടുപുഴ റിസർവിൽ ഉൾപ്പെടുന്ന ഭൂമിക്ക് പട്ടാളക്കാർക്ക് പ്ലോട്ടുകൾ അനുവദിച്ചിട്ടുണ്ട്. കൂടാതെ ഈ പ്രദേശത്ത് വിവിധ ഭൂപതിവ് നിയമങ്ങൾ പ്രകാരം പട്ടയം നൽകുകയും ചെയ്തിട്ടുള്ളതാണ്. അതുകൊണ്ട് തൊടുപുഴ റിസർവിൽ ഉൾപ്പെട്ടതിന്റെ പേരിൽ കുരിശ് സ്ഥാപിച്ച ഭൂമി വനം വകുപ്പിന്റെയാണെന്ന അവകാശവാദം നിയമവിരുദ്ധമാണ്.
വനമെന്ന വില്ലേജ് ഓഫിസറുടെ
റിപ്പോർട്ടിൽ ദുരൂഹത
വില്ലേജ് രേഖകളിൽ നാരങ്ങാനം ഉൾപ്പെടുന്ന പ്രദേശം ജോയിന്റ് വെരിഫിക്കേഷനിൽ ഉൾപ്പെടാത്ത പട്ടയമില്ലാത്ത വനഭൂമിയാണെന്ന് വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയതിൽ ദുരൂഹതയുണ്ട്. വനം – റവന്യു വകുപ്പുകൾ കാളിയാർ റേഞ്ചിലെ ജോയിന്റ് വെരിഫിക്കേഷൻ ലിസ്റ്റിന് അംഗീകാരം നൽകിയത് 1983 ഒക്ടോബർ 31 നാണ്. വില്ലേജ് രേഖകൾ തയാറാക്കിയതാവട്ടെ 1930 ന് മുൻപുമാണ്. ജോയിന്റ് വെരിഫിക്കേഷൻ നടക്കുന്നതിന് 50 വർഷം മുൻപ് തയാറാക്കിയ വില്ലേജ് രേഖകൾ പ്രകാരമാണ് ഈ പ്രദേശം വനമാണെന്ന് വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയത്. ഇത് തെറ്റാണെന്ന് ജോയിന്റ് വെരിഫിക്കേഷൻ ലിസ്റ്റ് പരിശോധിച്ചാൽ വ്യക്തമാകും. നാരങ്ങാനം മേഖലയിലെ ചില കൈവശങ്ങൾ ജോയിന്റ് വെരിഫിക്കേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ ഒട്ടേറെ പട്ടയങ്ങൾ ഈ പ്രദേശത്ത് നൽകിയിട്ടുമുണ്ട്. ഈ പട്ടയ ഭൂമിയുൾപ്പെടെ വനമാണെന്നാണ് വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
കൈവശ/ പട്ടയ ഭൂമികൾ വനമാക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം. ജോയിന്റ് വെരിഫിക്കേഷനിലെ അപാകതകൾ പരിഹരിച്ച് അർഹരായ മുഴുവനാളുകൾക്കും പട്ടയം നൽകണം. കൈവശ ഭൂമിയിലെ കുരിശ് പൊളിക്കുകയും കുരിശിന്റെ വഴി തടയുകയും ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. വനം വകുപ്പ് തകർത്ത കുരിശ് അതേ സ്ഥാനത്ത് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷിബിലി സാഹിബ്, മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു എന്നിവർ പങ്കെടുത്തു