മുട്ടം പഞ്ചായത്തിൽ 18നു മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സീൻ
മുട്ടം∙ പഞ്ചായത്തിൽ 18 വയസ്സിനു മുകളിൽ പ്രായമായ മുഴുവൻ ആളുകൾക്കും ഒന്നാം ഡോസ് വാക്‌സീൻ നൽകിയതായി ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോക്ടർ കെ.സി ചാക്കോ. ഇതോടെ ജില്ലയിൽ ഒന്നാം ഡോസ് സമ്പൂർണ വാക്‌സിനേഷൻ നടത്തിയെന്ന നേട്ടം മുട്ടം പഞ്ചായത്തിനു സ്വന്തം. 3 മാസത്തിനിടയിൽ കോവിഡ് പോസിറ്റീവായവർ, വാക്സിനേഷൻ സ്വീകരിക്കാൻ തയാറല്ലാത്തവർ, വാക്‌സിനേഷൻ എടുക്കാൻ കഴിയാത്ത വിധം രോഗബാധിതർ എന്നിവർ മാത്രമാണ് ഇനി വാക്സിനേഷൻ നടത്താത്തവരുടെ പട്ടികയിലുള്ളത്.
ഗർഭിണികൾക്കായി മാതൃകവചം, എസ്ടി വിഭാഗം, പാലിയേറ്റിവ് രോഗികൾ, എന്നിവർക്കായി പ്രത്യേക ക്യാംപുകൾ സംഘടിപ്പിച്ചിരുന്നു. അഥിത്തൊഴിലാളികൾക്കും പഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ക്യാംപ് നടത്തി. കൂടാതെ പഞ്ചായത്തിലുള്ള അഗതി – അനാഥ മന്ദിരങ്ങളിലെ അന്തേവാസികൾക്ക് രണ്ട് ഡോസ് വാക്‌സിനേഷനും പൂർത്തീകരിച്ചു. മെഡിക്കൽ ഓഫിസർ ഡോക്ടർ കെ.സി.ചാക്കോ രൂപീകരിച്ച പ്രത്യേക ടീമിന്റെ നേതൃത്വത്തിലാണ് വാക്‌സിനേഷൻ പൂർത്തീകരിച്ചത്. മുട്ടം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ പൊലീസ് അധികാരികൾ, ആശാ പ്രവർത്തകർ, മറ്റു സന്നദ്ധ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തന ഫലമാണ് എല്ലാ ആളുകൾക്കും വാക്സീൻ ലഭ്യമാവാൻ കാരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ പറഞ്ഞു.