കവുന്തി – അമ്പിളിയമ്മൻകാനം – സുപ്രൻപടി റോഡിന്റെ ആയുസ്സ് 2 മാസം! സംരക്ഷണ ഭിത്തി ഇടിഞ്ഞു
നെടുങ്കണ്ടം∙ നിർമാണം പൂർത്തിയായി 2 മാസത്തിനുള്ളിൽ റോഡ് തകർന്നു. നെടുങ്കണ്ടം പഞ്ചായത്തിലെ കവുന്തി – അമ്പിളിയമ്മൻകാനം – സുപ്രൻപടി റോഡാണ് തകർന്നത്. 4 കിലോമീറ്റർ ദൂരം 8 മീറ്റർ വീതിയിലാണ് നിർമിച്ചത്. റോഡിന്റെ പലഭാഗത്തും നിർമിച്ച സംരക്ഷണഭിത്തികൾ ഇടിഞ്ഞുതാഴുകയും അപകടാവസ്ഥയിലാകുകയും ചെയ്തിട്ടുണ്ട്. ഒട്ടേറെ വീടുകൾക്കും ഇത് ഭീഷണിയാണ്.
മഴക്കാലം ആരംഭിച്ചതോടെ നിലവാരം ഇല്ലാതെ നിർമിച്ച കൽക്കെട്ടിനുള്ളിലേക്ക് വെള്ളമിറങ്ങി കെട്ട് താഴുകയായിരുന്നു. ഇതുകൂടാതെ റോഡിന്റെ പലഭാഗത്തും കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ടാറിങ് ഇളകിയ നിലയിലാണ്. പലസ്ഥലത്തും റോഡിൽ വിള്ളലുകളുമുണ്ട്. എഴുകുംവയൽ, കവുന്തി, തോവാള, അഞ്ചുമുക്ക്, ചെന്നാപ്പാറ, തങ്കച്ചൻകവല തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവർക്ക് മഞ്ഞപ്പാറ, അടിമാലി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്നതാണ് ഈ റോഡ്.
കല്ലാർ പുഴയ്ക്ക് കുറുകെ ചപ്പാത്തും 4 കലുങ്കുകളും ഇതിന്റെ ഭാഗമായി നിർമിച്ചിട്ടുണ്ട്. റോഡ് പച്ചടി കുരിശുപാറയ്ക്കു സമീപമാണ് എത്തിച്ചേരുന്നത്. റോഡ് നിർമിച്ചതിലെ അപാകതകൾ അന്വേഷണവിധേയമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. ക്രമക്കേട് നടത്തിയവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും തകർന്ന ഭാഗം പുനർനിർമ്മിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.