സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികം:മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം ഏപ്രില്‍ 28 ന്


‘എന്റെ കേരളം 2025’ പ്രദര്‍ശന വിപണന മേള ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം ഏപ്രില്‍ 28 നും എന്റെ കേരളം 2025 പ്രദര്‍ശന വിപണന മേള ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെയും നടക്കും.
നാലാം വാര്‍ഷികാഘോഷങ്ങളുടെ പരിപാടികളുടെ സംഘാടനം സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ സംഘാടകസമിതി യോഗം ചേര്‍ന്നു.
കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലം സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ വികസനക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗത്തില്‍ പ്രകാശനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകള്‍ ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് അതത് വകുപ്പ് മേധാവികള്‍ ശ്രമിക്കണം. പ്രദര്‍ശന വിപണന മേളകളില്‍ എല്ലാ വകുപ്പുകളുടെയും സ്റ്റാളുകളും പ്രദര്‍ശനങ്ങളും ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ജില്ലാതല യോഗം നെടുങ്കണ്ടം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ഏപ്രില്‍ 28 ന് നടത്തും. സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണഭോക്താക്കള്‍, ട്രേഡ് യൂണിയന്‍/തൊഴിലാളി പ്രതിനിധികള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍, കലാ-സാംസ്‌കാരിക-കായിക രംഗത്തെ പ്രതിഭകള്‍, പ്രൊഫഷണലുകള്‍ (ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, അധ്യാപകര്‍) വ്യവസായികള്‍, പ്രവാസികള്‍, സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികള്‍, പൗരപ്രമുഖര്‍, സാമുദായിക നേതാക്കള്‍, തുടങ്ങിയ അഞ്ഞൂറോളം പേര്‍ പങ്കെടുക്കും.
ഏപ്രില്‍ 29 മുതല്‍ മെയ് 5 വരെ വാഴത്തോപ്പ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. സര്‍ക്കാര്‍ സേവനങ്ങള്‍, പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന സ്റ്റാളുകള്‍ മേളയില്‍ ഉണ്ടാകും. കൂടാതെ വാണിജ്യ സ്റ്റാളുകളും മേളയുടെ ഭാഗമാകും. ടൂറിസം, വ്യവസായം, കൃഷി, വിദ്യാഭ്യാസം, തുടങ്ങിയ പ്രധാന മേഖലകള്‍ തിരിച്ച് സെമിനാറുകളും നടക്കും. എല്ലാ ദിവസവും കലാപരിപാടികളും അരങ്ങേറും. തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ ചെറുതോണി ടൗണില്‍ നിന്ന് വര്‍ണാഭമായ വിളംബര ഘോഷയാത്രയും സംഘടിപ്പിക്കും.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറനാകുന്നേല്‍, ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി, ജില്ലാ പൊലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി.എസ് വിനോദ്, ജില്ലാതല ഏകോപനസമിതി ചെയര്‍മാന്‍ സി.വി വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ കെ സലിംകുമാര്‍, കണ്‍വീനര്‍ ജോസ് പാലത്തിനാല്‍, ജോയിന്റ് കണ്‍വീനര്‍ ജോര്‍ജ് പോള്‍, ഏകോപനസമിതി പ്രതിനിധികളായ അനില്‍ കൂവപ്ലാക്കല്‍, രാജു ജോസഫ്, പ്രഭ തങ്കച്ചന്‍, ഷിജോ തടത്തില്‍, എന്‍.കെ. പ്രിയന്‍, ടി. നൗഷാദ്, സണ്ണി ഇല്ലിക്കൽ, സിനോജ് വള്ളാടി, ഐന്‍സ് തോമസ്, സിജി ചാക്കോ, നിമ്മി ജയന്‍
തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.