ബജറ്റ് വിഹിതം വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് LDF സർക്കാർ ശ്രമിക്കുന്നതെന്ന് UDF ജില്ലാ കൺവീനർ പ്രഫസർ എം. ജെ ജേക്കബ്ബ്


ബജറ്റ് വിഹിതം വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളുടെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് LDF സർക്കാർ ശ്രമിക്കുന്നതെന്ന് UDF ജില്ലാ കൺവീനർ പ്രഫസർ എം. ജെ ജേക്കബ്ബ്.
UDF കട്ടപ്പന മുൻസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിരോധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതിവിഹിതമായി ഓരോ വർഷവും അനുവദിക്കുന്ന തുക നൽകാതെ ഇടതുപക്ഷ സർക്കാർ പ്രാദേശിക വികസനവും പ്രാദേശിക ആസൂത്രണവും പൂർണമായും അട്ടിമറിക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഏപ്രിൽ 4, 5 തീയതികളിൽ രാപ്പകൽ സമരം നടത്തുന്നത്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ത്രിതല പഞ്ചായത്തുകളുടെ പദ്ധതി തുക ഓരോ വർഷവും 15% വീതം വർദ്ധിപ്പിച്ചിരുന്നത് കഴിഞ്ഞ 9 വർഷമായി ശരാശരി 5% പോലും വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ത്രിതല പഞ്ചായത്തുകൾക്ക് ഫണ്ട് അനുവദിക്കുന്നതായി പരസ്യമായി പ്രഖ്യാപിക്കുകയും സമയത്ത് പണം നൽകാതെയും ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയും പദ്ധതികൾ സ്പിൽ ഓവർ ആക്കി അനുവദിച്ച തുകയുടെ ഭൂരിഭാഗവും തിരികെ എടുക്കുന്ന തന്ത്രവുമാണ് ഇടതുസർക്കാർ നടപ്പാക്കികൊണ്ടിരിക്കുന്നത് എന്നും എം.ജെ ജേക്കബ്ബ് പറഞ്ഞു.
2024- 25 സാമ്പത്തിക വർഷം1094.21 കോടി രൂപയുടെ 49858 ബില്ലുകൾ ആണ് ട്രഷറികളിൽ പാസാകാതിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഏപ്രിൽ, ആഗസ്റ്റ്, ഡിസംബർ എന്നീ മാസങ്ങളിൽ 3 ഗഡുക്കളായിട്ടാണ് പദ്ധതിവിഹിതം നൽകേണ്ടത്. ആദ്യത്തെ ഗഡു ഏപ്രിലിൽ നൽകിയാൽ രണ്ടാമത്തെ ഗഡു ഡിസംബറിലും മൂന്നാമത്തെ ഗഡു മാർച്ചിലുമാണ് നൽകുന്നത്. മൂന്നാമത്തെ ഗഡു അനുവദിക്കുന്നതിന്റെ പിറ്റേദിവസം ട്രഷറി നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ ഒരു പൈസ പോലും ചിലവാക്കേണ്ടി വരികയുമില്ലന്നും എം.ജെ ജേക്കബ്ബ് പറഞ്ഞു.
2024-25 സാമ്പത്തിക വർഷം പദ്ധതി അടങ്കലായി മാറ്റിവച്ച 7746.30 കോടി രൂപയിൽ 1500 കോടി സർക്കാർ അനുവദിച്ചിട്ടില്ല.
ഇടതു സർക്കാർ പ്ലാൻ ഫണ്ടിൽ വൻതോതിൽ വെട്ടിക്കുറവ് വരുത്തിയപ്പോൾ എസ് സി /എസ് ടി വിഭാഗങ്ങൾക്കായുള്ള ഘടക പദ്ധതികളിലും വൻ കുറവാണ് സംഭവിച്ചിരിക്കുന്നത്.
ഘടക പദ്ധതി പ്രകാരം എസ് സി വിഭാഗത്തിന് മാറ്റിവച്ചതിൽ നിന്നും 500 കോടിയും എസ് ടി വിഭാഗത്തിന്റെ 112 കോടിയുമാണ് വെട്ടിക്കുറച്ചത്. ഗ്രാമീണ മേഖലയിൽ നടക്കേണ്ട 50% വികസന പ്രവർത്തനങ്ങൾ പോലും നടക്കാത്ത സാഹചര്യത്തിലാണ് യുഡിഎഫ് സമരപരിപാടികൾക്ക് രൂപം നൽകിയത്. ഹൈറേഞ്ചിലെ കെട്ടിട നിർമ്മാണ നിരോധനം പിൻവലിക്കുക, കർഷകരുടെ വായ്പലിശ എഴുതിത്തള്ളുക, ജപ്തി നടപടികൾ നിർത്തിവയ്ക്കുക എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചു കൊണ്ടാണ് രാപ്പകൽ സമരം നടത്തുന്നതെന്നും നേതാക്കൾ അറിയിച്ചു.
മണ്ഡലം ചെയർമാൻ സിജു ചക്കും മൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
KPCC സെക്രട്ടറി തോമസ് രാജൻ, കർഷക കോൺഗ്രസ് സംസ്ഥന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട്, തോമസ് മൈക്കിൾ, ജോയി കുടക്കച്ചിറ, കെ.ജെ ബെന്നി, ജോയി ആനിത്തോട്ടം, നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമി , ഫിലിപ്പ് മലയാറ്റ് ,
S വിളക്കുന്നേൽ, പ്രശാന്ത് രാജു, ഷാജി വെള്ളമാക്കൽ, എ എം സന്തോഷ്
തുടങ്ങിയർ സംസാരിച്ചു.