പാസ് ഇല്ലാതെയും, ജി.എസ്.ടി ബില്‍ ഇല്ലാതെയും അനുവദിച്ചിരിക്കുന്നതില്‍ കൂടുതല്‍ ലോഡ് കയറ്റിയും സഞ്ചരിച്ച വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു.


ജില്ലയില്‍ പാസ് ഇല്ലാതെയും ജി.എസ്.ടി ബില്‍ ഇല്ലാതെയും അനുവദിച്ചിരിക്കുന്നതില്‍ കൂടുതല്‍ ലോഡ് കയറ്റി അനധികൃതമായി പാറയുല്‍പ്പന്നങ്ങളും മറ്റും കടത്തുന്നതായുളള രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ശ്രീ. വിഷ്ണു പ്രദീപ് ടി.കെ ഐപിഎസിന്റെ നിര്‍ദ്ദേശ പ്രകാരം തൊടുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 12 ടോറസും, 2 ടിപ്പറുമുള്‍പ്പെടെ 14 വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുളളത്. തൊടുപുഴക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന വിവിധ ക്രഷര്‍ യൂണിറ്റുകളില്‍നിന്നും അനധികൃതമായി ലോഡുമായി പോയ വാഹനങ്ങളാണ് പിടിച്ചെടുത്തത്. പാസ് ഇല്ലാത്ത കാര്യത്തിന് ജില്ലാ ജിയോളജി വകുപ്പ് മുഖേനയും, ജി.എസ്.ടി ബില്‍ ഇല്ലാത്തതുമായി ബന്ധപ്പെട്ട് സെയില്‍ ടാക്സ് ഡിപ്പാര്‍ട്ട്മെന്റ് മുഖേനയും, അനുവദിച്ചിരിക്കുന്നതില്‍ കൂടുതല്‍ ലോഡ് കയറ്റിയതിനുമായി ബന്ധപ്പെട്ട് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ് മുഖേനയും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുളളതാണ്. തുടര്‍ന്നും ജില്ലയിലുടെനീളം ഇത്തരം പരിശോധനകള്‍ നടത്തുകയും, നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും.