കള്ളിൽ കന്നാബിനോയ്ഡ്സ്,എത്തിച്ചത് പാലക്കാട്ടുനിന്ന് ; അന്വേഷണം ഊർജിതം

നെടുങ്കണ്ടം∙ രാസവസ്തു അടങ്ങിയ കള്ള് എത്തിച്ചത് പാലക്കാട്ടുനിന്നെന്ന് പ്രാഥമിക നിഗമനം. എക്സൈസ് അന്വേഷണം ഊർജിതമാക്കി. കോതമംഗലം, തൊടുപുഴ റേഞ്ചിലാണ് അന്വേഷണം. മറ്റു റേഞ്ചുകളിലെ പരിശോധന ഫലവും എക്സൈസ് പരിശോധിക്കും. ലോക്ഡൗണിൽ കള്ളിന്റെ ഉൽപാദനം കുറഞ്ഞ സമയത്ത് വീര്യം കൂട്ടാനായി കഞ്ചാവ് കള്ളിൽ കലർത്തിയെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. കന്നാബിനോയ്ഡ്സ് എന്ന രാസവസ്തുവിന്റെ സാന്നിധ്യമാണ് കള്ളിൽ കണ്ടെത്തിയത്.
കഞ്ചാവ്, തുണിയിൽ കിഴികെട്ടി കള്ളിൽ 24 മണിക്കൂർ ഇട്ടാലാണ് കന്നാബിനോയ്ഡ്സ് എന്ന രാസവസ്തു കള്ളിൽ ലയിക്കുന്നത്. ഈ സാഹചര്യമാണ് എക്സൈസ് പരിശോധനയ്ക്കു വിധേയമാക്കുന്നത്. ഹഷീഷ് കള്ളിൽ കലർത്തിയോയെന്ന സംശയവും എക്സൈസിനുണ്ട്. കഞ്ചാവിലടങ്ങിയ രാസവസ്തുവിന്റെ സാന്നിധ്യം കള്ളിൽ കലർത്തിയ സംഭവത്തിൽ തൊടുപുഴ റേഞ്ചിനു കീഴിലെ 25 കള്ളുഷാപ്പുകൾക്കെതിരെ നടപടി ആരംഭിച്ചു.
കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ ഷാപ്പുകളിൽനിന്നു ശേഖരിച്ച കള്ളിലാണു രാസവസ്തുവിന്റെ സാന്നിധ്യം. കുറ്റക്കാർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തും. ലൈസൻസികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ജില്ലാ ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ വി.എ.സലിം പറഞ്ഞു.
കഞ്ചാവ് എത്തിക്കുന്നത് കള്ളിൽ കലർത്താൻ
ജില്ലയിൽ കഞ്ചാവ് എത്തിച്ചശേഷം കള്ളിൽ കലർത്തിയോ എന്ന സംശയവും എക്സൈസിനുണ്ട്. വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നത് കള്ളിനു വീര്യം കൂട്ടാനാണോയെന്ന സംശയം നിലവിലുണ്ട്. കമ്പം, തേനി എന്നിവിടങ്ങളിൽനിന്ന് ജില്ലയിലൂടെയാണ് കഞ്ചാവ് കടത്തൽ കൂടുതലും. പ്രധാന കഞ്ചാവ് കടത്തുകാരുടെ ഇടപാടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജില്ലയിൽ ഉൽപാദിപ്പിച്ച കള്ളിലും ജില്ലയ്ക്കു പുറത്തുനിന്ന് എത്തിച്ച കള്ളിലും കഞ്ചാവിലെ രാസവസ്തുവിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് വിശദമായ പരിശോധനകൾ എക്സൈസ് നടത്തിവരികയാണ്.













































































