കര്‍ഷക ഉല്‍പ്പാദക സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം


ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയില്‍ പുതിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് കൃഷി വകുപ്പ് ധനസഹായം നല്‍കുന്നു. കേരള സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ് കണ്‍സോര്‍ഷ്യം, ‘ആത്മ’ , ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.ഫാം പ്ലാന്‍ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകളില്‍ രൂപീകരിച്ച രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷം തികഞ്ഞ കര്‍ഷക ഉല്‍പ്പാദക സംഘങ്ങള്‍ , ജില്ലകളില്‍ വിവിധ ഏജന്‍സികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നതും മുന്‍കാലങ്ങളില്‍ ധനസഹായം ലഭിക്കാത്തതുമായ രജിസ്റ്റര്‍ ചെയ്ത് മൂന്ന് വര്‍ഷം തികഞ്ഞ കര്‍ഷക ഉല്‍പാദക കമ്പനികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
പഴങ്ങള്‍, പച്ചക്കറികള്‍, പൂക്കള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധസസ്യങ്ങള്‍, കശുമാവ് ഉള്‍പ്പടെയുള്ള പ്ലാന്റേഷന്‍ വിളകള്‍, കിഴങ്ങുവര്‍ഗങ്ങള്‍. കൂണ്‍ തുടങ്ങിയ മേഖലകളില്‍ വിളവെടുപ്പാനന്തര സേവനങ്ങള്‍ക്കും മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണത്തിനും ആവശ്യമായ സ്റ്റോറേജ് സംവിധാനങ്ങള്‍, പാക്ക് ഹൗസുകള്‍, സംസ്‌കരണ യൂണിറ്റുകള്‍ക്കാവശ്യമായ യന്ത്രസാമഗ്രികള്‍, മറ്റ് ഭൗതികസൗകര്യങ്ങള്‍ എന്നിവക്കാണ് പ്രോജക്ട് അധിഷ്ഠിത സഹായമായി ആനുകൂല്യം നല്‍കുക. നിബന്ധനയോടെ ലോണ്‍ ലിങ്ക് ചെയ്ത് പ്രോജക്ട് ചെലവിന്റെ 80 ശതമാനം സഹായമായി അനുവദിക്കും. അപേക്ഷയും പ്രോജക്ടിന്റെ സംക്ഷിപ്തരൂപവും ഏപ്രില്‍ എട്ടിനകം ആത്മ ഇടുക്കിയുടെ ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862228188, 7907057141, 9400168853.