യുവതിയുടെ തുടയെല്ലിൽ ബാധിച്ച അപൂർവ്വ അർബുദരോഗം മാറ്റി മാർ സ്ലീവാ മെഡിസിറ്റി


യുവതിയുടെ തുടയെല്ലിൽ ബാധിച്ച അപൂർവ്വ അർബുദം മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കടുത്തുരുത്തി സ്വദേശിനിയായ 37 കാരിയുടെ കാലിലാണ് അപൂർവ്വ അർബുദ രോഗം പിടിപെട്ടിരുന്നത്.
കാൽമുട്ടിലെ അസഹ്യമായ വേദനയെ തുടർന്ന് ഇവർ മറ്റ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. എക്സ്റേ പരിശോധനയിൽ തുടയെല്ലിൽ വളർച്ച കണ്ടെത്തിയതിനെ തുടർന്നു സ്കാനിംഗിനു വിധേയയായി. സ്കാനിംഗ് പരിശോധനയിൽ തുടയെല്ലിൽ 15 സെന്റിമീറ്ററോളം വലുപ്പത്തിൽ അർബുദം കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് വിദഗ്ധ ചികിത്സക്കായി യുവതി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിയത്.
ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.രാജീവ് പി.ബിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അർബുദം കാലിലേക്കുള്ള രക്തക്കുഴലിലേക്കും ഞരമ്പുകളിലേക്കും ബാധിച്ചതായി കണ്ടെത്തി. തുടർന്ന് ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.റോണി ബെൻസൺ, സർജിക്കൽ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ജോഫിൻ.കെ.ജോണി എന്നിവരുടെ നിർദേശപ്രകാരം ബയോപ്സി ചെയ്ത് നടത്തിയ പരിശോധനയിലാണ് പരോസ്റ്റിയൽ ഒസ്റ്റിയോസാർക്കോമ എന്ന അപൂർവ്വ എല്ലിന്റെ അർബുദ രോഗമാണ് യുവതിയെ ബാധിച്ചിരിക്കുന്നതെന്നു കണ്ടെത്തിയത്.
രക്തക്കുഴലിനും ഞരമ്പുകൾക്കും കേടുപാടുകൾ സംഭവിക്കാതെ ശസ്ത്രക്രിയയിലൂടെ അർബുദം നീക്കണമെന്ന വെല്ലുവിളിയാണ് ഡോക്ടർമാരുടെ മുന്നിലുണ്ടായിരുന്നത്. തുടർന്ന് മണിക്കൂറുകൾ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ അർബുദം പൂർണമായി നീക്കം ചെയ്തു. നീക്കം ചെയ്ത തുടയെല്ലിന്റെയും കാൽമുട്ടിന്റെയും സ്ഥാനത്ത് കൃത്രിമ മുട്ടും, തുടയെല്ലും സന്ധിയും മാറ്റി സ്ഥാപിക്കുകയും ചെയ്തു.
അസ്ഥിരോഗ വിഭാഗം മേധാവി ഡോ.മാത്യു എബ്രഹാം, സീനിയർ കൺസൾട്ടന്റ് ഡോ.രാജീവ് പി.ബി, സീനിയർ രജിസ്ട്രാർ ഡോ.അഭിരാം കൃഷ്ണൻ, സർജിക്കൽ ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ജോഫിൻ കെ.ജോണി, അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.എബി ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
പിറ്റേ ദിവസം മുതൽ യുവതി നടക്കാൻ തുടങ്ങുകയും നാല് ദിവസത്തിനുള്ളിൽ സുഖം പ്രാപിച്ച് ആശുപത്രിയിൽ നിന്നു മടങ്ങുകയും ചെയ്തു.