‘സംസ്ഥാനത്തിനെതിരെ നടത്തുന്ന സമരത്തിന്റെ പൊള്ളത്തരം അനുദിനം വെളിപ്പെടുന്നു’: ആശമാരുടെ സമരത്തിനെതിരെ ദേശാഭിമാനി


വേതന പ്രശ്‌നം ഉന്നയിച്ചുകൊണ്ടുള്ള ആശ വര്‍ക്കര്‍മാരുടെ പ്രതിഷേധത്തെ വിമര്‍ശിച്ച് സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ മുഖപ്രസംഗം. സമരം ചെയ്യുന്നവര്‍ വേതന വിഷയത്തിലെ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തം മറച്ചുപിടിക്കുന്നുവെന്നാണ് വിമര്‍ശനം. ആശമാര്‍ക്ക് നീതി ഉറപ്പാക്കാന്‍ ആദ്യം ചെയ്യേണ്ടത് അവരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുകയാണ്. ഇത് സംസ്ഥാനം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഈ രീതിയില്‍ പിന്തിരിപ്പന്‍ നിലപാട് സ്വീകരിക്കുന്നവരുടെ പ്രതിനിധികളെയാണ് സമരത്തിലേക്ക് ആനയിക്കുന്നതെന്ന് മുഖപ്രസംഗം വിമര്‍ശിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ആശമാരുടെ സമരപ്പന്തല്‍ പല തവണ സന്ദര്‍ശിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് സിപിഐഎം മുഖപത്രത്തിന്റെ വിമര്‍ശനം. (deshabhimani editorial against asha worker’s protest)
ആശമാരുടെ വേതന പ്രശ്‌നത്തിന് ഉത്തരവാദികള്‍ കേന്ദ്രസര്‍ക്കാരാണെന്ന് അറിയാമായിരുന്നിട്ടും അതെല്ലാം മറച്ചുപിടിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തുന്ന സമരത്തിന്റെ പൊള്ളത്തരം അനുദിനം വെളിപ്പെടുന്നുവെന്നാണ് ദേശാഭിമാനിയുടെ രൂക്ഷ വിമര്‍ശനം. അടിക്കടി ആവശ്യങ്ങള്‍ മാറ്റുന്ന സമര നേതൃത്വം കേന്ദ്രസര്‍ക്കാരിനെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കി. സമരവേദിയില്‍ പിന്തുണയുമായി കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളൊക്കെ എത്തിയെങ്കിലും പാര്‍ലമെന്റില്‍ കേന്ദ്രനിലപാടിലെ വഞ്ചന തുറന്ന് കാണിക്കപ്പെട്ടുവെന്നും ദേശാഭിമാനി മുഖപ്രസംഗം കുറ്റപ്പെടുത്തി.
സ്ഥിരം തൊഴിലാളികളായി ആശ പ്രവര്‍ത്തകരെ അംഗീകരിച്ച് അവര്‍ക്ക് മിനിമം വേതനവും പെന്‍ഷനും ഉറപ്പാക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖപ്രസംഗം ഊന്നിപ്പറയുന്നു. സര്‍ക്കാരിനെ കരിവാരിതേക്കാന്‍ കൈയില്‍ കിട്ടുന്നതെല്ലാം ആയുധമാക്കുന്നവര്‍ ഇത് മനസിലാക്കണം. കേന്ദ്രനയം തിരുത്താന്‍ യോജിച്ച സമരത്തിന് എല്ലാവരും തയ്യാറാകണമെന്നും സിപിഐഎം മുഖപത്രം മുഖപ്രസംഗത്തിലൂടെ ആവശ്യപ്പെട്ടു.