ജയിലർ 2 ചിത്രീകരണമാരംഭിച്ചു


സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം മോഹൻലാലിനെയും ശിവരാജ്‌കുമാറിനെയും അണിനിർത്തി തെന്നിന്ത്യ ഇളക്കിമറിച്ച ജയിലറിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ചെന്നൈയിൽ ആരംഭിച്ചു. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ ഇതിനകം യൂട്യൂബിൽ പതിനെട്ട് മില്യൺ കാഴ്ചക്കാരെ നേടിയിരുന്നു. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
ചെന്നൈയിലെ 15 ദിവസത്തേയ്ക്ക് തീരുമാനിച്ചിരിക്കുന്ന ആദ്യ ഷെഡ്യുളിൽ രജനികാന്തിന്റെ ചില രംഗങ്ങൾ ചിത്രീകരിക്കും. രണ്ടാം ഭാഗത്തിലും മോഹൻലാലിന്റെ മാത്യു എന്ന കഥാപാത്രത്തെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് മോഹൻലാൽ ആരാധകർ. ജയിലർ 2 വിന്റെ ചിത്രീകരണമാരംഭിച്ചത് സൺ പിക്ചേഴ്സ് തന്നെയാണ് എക്‌സിലൂടെ ആരാധകരെ അറിയിച്ചത്. ജയിലറിൽ വില്ലൻ വേഷത്തിൽ വിനായകനാണ് തകർത്താടിയതെങ്കിൽ ജയിലർ 2 വിൽ ചെമ്പൻ വിനോദിന്റെ സാന്നിധ്യവും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. രജനികാന്തിനൊപ്പം ചെമ്പൻ വിനോദ് അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.

‘മുത്തുവേൽ പാണ്ട്യൻറെ വേട്ട ഇന്ന് ആരംഭിക്കുന്നു’ എന്ന ക്യാപ്ഷ്യനോട് കൂടിയാണ് സൺ പിക്ചേഴ്സ് രജനികാന്തിന്റെ ചിത്രത്തോട് കൂടിയുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. ജയിലർ ഒന്നാം ഭാഗം കടുത്ത വയലൻസിന്റെ പേരിൽ ഒട്ടേറെ വിമർശനങ്ങൾക്ക് വിധേയമായെങ്കിലും, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ അനൗൺസ്‌മെന്റ് ടീസർ സൂചിപ്പിക്കുന്നത് ഇത്തവണ മുമ്പത്തേതിലും അധികം വയലൻസ് പ്രതീക്ഷിക്കാം എന്നാണ്.
നിലവിൽ ലോകേഷ് കനഗരാജിന്റെ ‘കൂലിയിലും’ രജനികാന്ത് അഭിനയിക്കുന്നുണ്ട്, വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ആമിർ ഖാനും ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. ജയിലറിന്റെ പ്രധാന ഷെഡ്യുളുകൾ തീർത്ത ശേഷമാവും കൂലിയുടെ അവസാന ഷെഡ്യുളിൽ രജനികാന്ത് അഭിനയിക്കുക. കൂലി ഈ വർഷം ആഗസ്റ്റിൽ തിയറ്ററുകളിലെത്തും.