അറക്കുളത്തും കാട്ടാന ആക്രമണം


അറക്കുളം പഞ്ചായത്തിലെ 3, 4, 5 വാർഡുകൾ ചേർന്നതും ജനങ്ങൾ തിങ്ങിപാർക്കുന്നതുമായ കുളമാവ് ടൗണിൽ വരെ കാട്ടാന വന്ന് ദിവസങ്ങളോളം തമ്പടിച്ചത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.
കാട്ടാന ആക്രമണത്തിൽ ജനങ്ങൾ മരണപ്പെടുന്നതും, കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും കേരളത്തിൻ്റെ വിവിധ മേഘലകളിൽ വാർത്തയാകുമ്പോൾ ഇടുക്കി വന്യജീവി സംഘേതത്തോട് ചേർന്ന് കിടക്കുന്ന ഇടുക്കി വില്ലേജിൽ പെട്ട 3 വാർഡുകളിൽ പെട്ട ഈമേഘലയിൽ ആദ്യമായാണ് കൃഷി ഇടങ്ങളിലും, ജനവാസ മേഘലയിലും ആന ഇറങ്ങുന്നത്. ഈ മേഘല ആകമാനം വനഭൂമിയാക്കി മാറ്റി കർഷകരെ കുടി ഒഴിപ്പിക്കുവാനുള്ള വനംവകുപ്പിൻ്റെ രഹസ്യ നീക്കം നടക്കുന്നതിനിടയിലാണ് ഈ ദാരുണ സംഭവം ഉണ്ടാകുന്നത്. തെങ്ങ്, കമുക്, കാപ്പി,വാഴ, മറ്റ് കൃഷികൾ അടക്കം നശിപ്പിച്ച് ലക്ഷങ്ങളുടെ നാശനഷ്ടവും, നാട്ടുകാരുടെ ജീവന് വരെ ഭീഷണി ഉണ്ടായിട്ടും
ജനപ്രതിനിധികളോ, ഉദ്യോഗസ്ഥരോ സംഭവ സ്ഥലം സന്ദർശിക്കാത്തത് ജനങ്ങളുടെ ഇടയിൽ വൻ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട് ഈ മേഖല വനഭൂമിയാക്കുവാനുള്ള സർക്കാരിൻ്റെ രഹസ്യ നീക്കത്തിന് ഇവർ കൂട്ട് നിൽക്കുകയാണ് എന്നാണ് കുളമാവിലെ കർഷകർ പറയുന്നത്. ഈമേഖലയിൽ
ലക്ഷങ്ങളുടെ നാശനഷ്ടമാണ് കാട്ടാന ഉണ്ടാക്കിയത്. കഴിഞ്ഞ നാല് വർഷമായി കുളമാവിലെ കലംകമഴ്ത്തി , പോത്തുമറ്റം മേഖലകളിലെ കൃഷിയിടങ്ങളിൽ കാട്ടാന നിത്യസാന്നിധ്യമായി മാറിക്കഴിഞ്ഞു . എന്നാൽ കൂടുതൽ ജനവാസമുള്ളയിടങ്ങളിലേക്ക് കടന്നുകയറി തെങ്ങിൻതോപ്പുകൾ ഉൾപ്പടെ നശിപ്പിക്കാൻ തുടങ്ങിയത് അടുത്തയിടെയാണ് . അഞ്ഞൂറ് വാഴകൾ കൃഷിചെയ്തിരുന്ന കൃഷിയിടത്തിലെ വാഴകൾ മുഴുവനും കാട്ടാന നശിപ്പിച്ചതിനെ തുടർന്നാണ് കല്ലും കൂട്ടത്തിൽ സന്തോഷ് കുമാർ കൃഷിയിടം ഉപേക്ഷിച്ചത്. കാട്ടാന നാശനഷ്ടം വരുത്തിയ കർഷകരുടെ കൃഷിയിടങ്ങൾ ബിജെപി പ്രതിനിധി സംഘം സന്ദർശിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി വന്യമൃഗങ്ങൾ കടക്കാതെ ട്രഞ്ചുകൾ നിർമ്മിച്ചും, ഇടതൂർന്ന് ഇല്ലികൾ നട്ടുപിടിപ്പിച്ചും, ആനകൾക്ക് ആഹാരമായിരുന്ന പുൽമേടുകൾ നശിപ്പിച്ച അക്കേഷ്യ മരങ്ങൾ വെട്ടിമാറ്റിയും വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് വരാതെ സംരക്ഷിക്കുവാനുള്ള നടപടികൾ ഭരണാധികാരികളുടേയും, വനം വകുപ്പ് ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ബിജെപി സംഘം ആവിശ്യപ്പെട്ടു. അധികാരികൾ കർഷകരുടെ രക്ഷക്കായി ഇടപെടാത്ത പക്ഷം നിയമപരമായും, സമരമാർഗത്തിലൂടെയും ഈ പ്രശ്നം പരിഹരിക്കുവാൻ ശ്രമിക്കുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. ബിജെപി സംസ്ഥാന കമ്മറ്റിയംഗവും, ഗ്രാമ പഞ്ചാ. മെമ്പറുമായ പി.ഏ.വേലുക്കുട്ടൻ്റെ നേതൃത്വത്തിൽ നാശനഷ്ടം ഉണ്ടായ കൃഷി ഇടങ്ങൾ സന്ദർശിച്ച സംഘത്തിൽ ബിജെപി അറക്കുളം പഞ്ചാ. കമ്മറ്റി പ്രസി.എം.കെ.രാജേഷ്, ജന.സെക്ര. കെ.പി.മധുസൂധനൻ, മണ്ഡലം കമ്മറ്റിയംഗം ജോണി, ബൂത്ത് കമ്മറ്റി ഭാരവാഹികളായ ഓമനക്കുട്ടൻ, രാമചന്ദ്രൻ, ബിജു, കിരൺ,ഉണ്ണി എന്നിവരും നാട്ടുകാരായ മണിമല ശാരദ, കല്ലും കൂട്ടത്തിൽ സന്തോഷ് കുമാർ, അമ്മാനപ്പള്ളിൽറജിമോൻ, തങ്കച്ചൻ ചേന്നംകോട്ടിൽ എന്നിവരും ഉണ്ടായിരുന്നു.