ഇരട്ടയാറിൽ കാട്ടുപന്നി ശല്യം വർദ്ധിച്ചു. പന്നിയെ വെടിവെക്കാൻ ഓർഡറിട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് സുനിൽകുമാർ


ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ ഒട്ടുമിക്ക വാര്‍ഡുകളിലും കാട്ടുപന്നിശല്യം അതിരൂക്ഷമായ സാഹചര്യമാണുളളത്. വ്യപകമായ കൃഷി നാശം ഉണ്ടാകുന്നത് കൂടാതെ പൊതുജനങ്ങളുടെ ജീവനുകൂടി അപകടരമായ തരത്തില്‍ ശല്യമുണ്ടാക്കുന്നത് നിരന്തര പരാതിക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ വിഷയം ഗൗരവമായി പരിഗണിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റില്‍ നിക്ഷിപ്തമായ ഹോണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി വിവേചനപരമായി ഉപയോഗിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ ശല്യമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലുന്നതിന് തീരുമാനിച്ചിട്ടുളളത്. തോക്ക് ഉപയോഗത്തിനുളള അംഗീകൃത ലൈസന്‍സ് കൈവശം വച്ചിട്ടുളളതും, അയ്യപ്പന്‍കോവില്‍ ഫോറസ്റ്റ് റേഞ്ചിനുകീഴില്‍ എം പാനല്‍ ചെ.യ്തിട്ടുളളതുമായ രണ്ട് ഷൂട്ടര്‍മാരെയാണ് ഇതിനായി നിയമിച്ചിട്ടുളളത്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കുന്നതിനും വിലയിരുത്തുന്നതിനുമായി കര്‍ഷകര്‍, പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ വാര്‍ഡ് തലത്തില്‍ അഞ്ച് അംഗങ്ങളില്‍ കുറയാത്ത മോണിറ്ററിംഗ് സമിതി അതാത് വാര്‍ഡ് മെമ്പര്‍മാര്‍ അദ്ധ്യക്ഷന്‍മാരായി രൂപീകരിക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വേട്ടയാടിയ മൃഗത്തിന്‍റെ ജഡം മാംസോപയോഗം പൂര്‍ണ്ണമായി തടയുന്ന വിധം മറവ് ചെയ്യുന്നതിനും, വേട്ടയാടുന്നവിവരം പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിക്കുന്നതിനും ഉത്തരവില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ലൈസന്‍സുളള തോക്ക് ഉപയോഗിച്ച് ചുമതലപ്പെടുത്തിയ ആളുകള്‍ക്ക് മാത്രമായിരിക്കും വെടിവെയ്ക്കുന്നതിനുളള അനുമതി. ഈ അനുമതി ദുരുപയോഗം ചെയ്തുകൊണ്ട് മറ്റാരെങ്കിലും അനധികൃതമായി വന്യമൃഗങ്ങളെ വേട്ടയാടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിയമനടപടികള്‍ക്ക് വിധേയരാകേണ്ടിവരുന്നതാണെന്ന് പ്രസിഡന്‍റ് ആനന്ദ് സുനില്‍കുമാര്‍ അറിയിച്ചു.