വാഴത്തോപ്പ് സമ്പൂർണ വാക്സിനേഷനിലേക്ക്
ചെറുതോണി ∙ ജില്ലാ ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പ് സമ്പൂർണ വാക്സിനേഷനിലേക്ക് അടുക്കുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ അൻപതോളം ആളുകൾ മാത്രം അവശേഷിക്കുന്ന പഞ്ചായത്തിൽ 18നു മേൽ പ്രായമുള്ള 600 പേർ കൂടിയാണ് വാക്സീൻ സ്വീകരിക്കാനുള്ളത്. കുത്തിവയ്പ് എടുക്കാൻ വിമുഖത പുലർത്തുന്ന ഒരു വിഭാഗമാണ് സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യത്തിനു തടസ്സമായി നിൽക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.
ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ ഈ തടസ്സവും നീക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. വിവിധ മേഖലകളിലുള്ളവർക്കായി നടത്തിയ വാക്സിനേഷൻ ക്യാംപുകളിലൂടെയാണ് ഈ നേട്ടത്തിലേക്ക് എത്തിയതെന്ന് മെഡിക്കൽ ഓഫിസർ ഡോ. സിബി ജോർജ് പറഞ്ഞു. പഞ്ചായത്തിലെ ആദിവാസി മേഖലകളിലുള്ളവർ ആദ്യ ഘട്ടത്തിൽ പദ്ധതിയോട് മുഖം തിരിച്ചാണ് നിന്നിരുന്നതെങ്കിലും പിന്നീട് ഇവർക്കായി പ്രത്യേക ക്യാംപുകൾ സംഘടിപ്പിച്ച് ഇതിനെ മറികടന്നു. പാലിയേറ്റീവ് രോഗികൾക്കായി ഒരു ദിവസം തന്ന പല ടീമുകളായി തിരിഞ്ഞ് വീടുകളിലെത്തി കുത്തിവയ്പ് നടത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം ചെറുതോണിയിൽ നടത്തിയ മെഗാ വാക്സിനേഷൻ ക്യാംപിൽ 913 പേർക്കാണ് വാക്സീൻ നൽകിയത്. ആന്റിജൻ ടെസ്റ്റ് നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ച ശേഷമായിരുന്നു കുത്തിവയ്പ് എടുത്തത്. ചിട്ടയായി നടത്തിയ ക്യാംപിൽ സമീപ പഞ്ചായത്തുകളിൽ നിന്നും ഏറെ പേർ പങ്കെടുത്തെങ്കിലും തിക്കും തിരക്കുമില്ലാതെ പൂർത്തിയായത് ആരോഗ്യ പ്രവർത്തകരുടെ നേട്ടമായി. പഞ്ചായത്ത് ഭരണ സമിതിയുടെയും ജനപ്രതിനിധികളുടെയും പൂർണ സഹകരണമാണ് വാഴത്തോപ്പിന്റെ ഈ നേട്ടത്തിനു പിന്നിലുള്ളത്.