ഏലം കുത്തകപ്പാട്ട ഭൂമിയിൽ നിർമാണ നിരോധനം; നടപടി തുടങ്ങി
നെടുങ്കണ്ടം∙ ഏലം കുത്തകപ്പാട്ട ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങളുടെ പെർമിറ്റ് റദ്ദാക്കാൻ നടപടി ആരംഭിച്ചു. ഏലം കുത്തകപ്പാട്ട ഭൂമിയിലെ 60 കെട്ടിട ഉടമകൾക്കു പഞ്ചായത്തുകൾ നോട്ടിസ് അയച്ചു തുടങ്ങിയതോടെ തോട്ടം മേഖല ആശങ്കയിൽ. നോട്ടിസ് ലഭിച്ച് നിശ്ചിത ദിവസത്തിനുള്ളിൽ വ്യക്തമായ കാരണം കാണിച്ചില്ലെങ്കിൽ നിർമാണ പ്രവർത്തനങ്ങളുടെ പെർമിറ്റ് റദ്ദാക്കുമെന്നാണ് നോട്ടിസിൽ. ഏലം പട്ടയ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിക്കു തടസ്സമില്ലായിരുന്നു.
പഞ്ചായത്തുകൾ നിർമാണ പെർമിറ്റ് നൽകിയിരിക്കുന്ന ഭൂഉടമകൾക്കാണു പഞ്ചായത്തുകളിൽനിന്നുതന്നെ നോട്ടിസ് എത്തിത്തുടങ്ങിയത്. റവന്യു വകുപ്പ് നിർദേശത്തെ തുടർന്നാണ് നടപടി. സിഎച്ച്ആർ (ഏലം കുത്തകപ്പാട്ടം) മേഖലയുടെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് വാസഗൃഹനിർമാണത്തിനു സമ്പൂർണ നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ നീക്കം. ഇതോടെ കുത്തകപ്പാട്ടഭൂമിയിലും ഏലപ്പട്ടയം നൽകിയിരിക്കുന്ന ഭൂമിയിലും സമ്പൂർണ നിർമാണ നിരോധനം ഏർപ്പെടുത്തി.
സിഎച്ച്‌ആർ മേഖലയുടെ പരിസ്ഥിതി പ്രാധാന്യം സംരക്ഷിക്കുന്നതിനു രൂപം നൽകിയിട്ടുള്ള ചട്ടങ്ങളിൽ മുൻകാലങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ള കർശന വ്യവസ്ഥകളിൽ ഇളവ് വരുത്തേണ്ട ആവശ്യമില്ലാത്തതാണെന്നും നിലവിലെ സാഹചര്യത്തിൽ ഏലപ്പട്ടയങ്ങൾ അനുവദിച്ച ഭൂമിയിൽ കെട്ടിട നിർമാണ അനുമതി നൽകേണ്ടതില്ലെന്നുമാണ് നിർദേശം. പ്രിൻസിപ്പൽ സെക്രട്ടറിക്കുവേണ്ടി അണ്ടർ സെക്രട്ടറിയാണ് 2020 ജൂൺ 17ന് ഉത്തരവിറക്കിയത്.
ഉത്തരവിറങ്ങി ഒരു വർഷമായതിനു ശേഷമാണ് സിഎച്ച്ആർ (ഏലം കുത്തകപ്പാട്ട ഭൂമിയിൽ) നിർമാണ നിരോധനം കർശനമാക്കിയത്. ഇതോടെ പുതിയ കെട്ടിടങ്ങൾക്ക് പെർമിറ്റ് നൽകുന്നത് പഞ്ചായത്തുകൾ നിർത്തിവച്ചു. കഴിഞ്ഞ 3 മാസമായി ഏലം കുത്തകപ്പാട്ട ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനു പഞ്ചായത്ത് പെർമിറ്റ് നൽകുന്നില്ല. ഇതോടെ ലോണെടുത്തു വീട് നിർമാണം ആരംഭിച്ചവർ വരെ ഊരാക്കുടുക്കിലായി.
വായ്പ എടുക്കാൻ കഴിയില്ല
വീടിന്റെ പെർമിറ്റ് നൽകിയാൽ മാത്രമേ ബാങ്കിൽനിന്നു വായ്പയെടുക്കാൻ കഴിയൂ. റവന്യു വിഭാഗം നൽകുന്ന എൻഒസി ഹാജരാക്കിയാൽ മാത്രമേ പെർമിറ്റ് നൽകാവൂ എന്ന നിർദേശമാണ് ഹൈറേഞ്ച് മേഖലയെ രൂക്ഷമായ പ്രതിസന്ധിയിൽ എത്തിച്ചത്. പട്ടയത്തിന്റെ സ്വഭാവം പരിശോധിച്ച ശേഷം മാത്രമാണ് നിർമാണ പ്രവർത്തനങ്ങൾക്കു റവന്യു വകുപ്പ് അനുമതി നൽകുന്നതെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു. ഏലത്തോട്ടങ്ങളിൽ ലയങ്ങളും ഏലം ഡ്രയറുകളും മാത്രം നിർമിക്കാനാണ് അനുമതിയുള്ളത്.
നിരോധനം സാംപിൾ പ്ലോട്ട് സർവേക്ക് പിന്നാലെ
സിഎച്ച്ആർ (ഏലം കുത്തകപ്പാട്ട ഭൂമിയിൽ) മേഖലയിൽ സാംപിൾ പ്ലോട്ട് സർവേ വനംവകുപ്പ് ആരംഭിച്ചതിനു പിന്നാലെയാണ് അപ്രഖ്യാപിത നിർമാണ നിരോധനം ഏർപ്പെടുത്തിയത്. ഉടുമ്പൻചോല താലൂക്കിലെ ഏലം കുത്തകപ്പാട്ട ഭൂമി കേന്ദ്രീകരിച്ച് സാംപിൾ പ്ലോട്ട് സർവേ ആരംഭിച്ചിരുന്നു. ഇതിനുശേഷം ദേവികുളം റേഞ്ചിനു കീഴിൽ 300 കേന്ദ്രങ്ങളിലായി സാംപിൾ പ്ലോട്ട് സർവേ അതീവ രഹസ്യമായി നടത്തി. ഉടുമ്പൻചോല താലൂക്കിൽ കുത്തകപ്പാട്ട ഭൂമി മുഴുവനും വനമാണെന്ന വാദമാണു വനംവകുപ്പ് ഉയർത്തുന്നത്.