ലോക്ക്ഡൌൺ ഇളവുകൾ; വീണ്ടും സജീവമായി വിനോദസഞ്ചാരമേഖലകൾ, തേക്കടി, രാജമല നാളെ തുറക്കും


കുമളി : കൂടുതൽ ലോക്ക്ഡൌൺ ഇളവുകൾ നിലവിൽ വന്നതോടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സഞ്ചാരികൾ എത്തിത്തുടങ്ങി. തേക്കടിയും മൂന്നാറിലെ രാജമലയും നാളെ തുറക്കും. ഓണക്കാലത്ത് സഞ്ചാരികളുടെ വരവ് കൂടുന്നതോടെ പ്രതിസന്ധികൾക്ക് ആശ്വസമാകുമെന്ന കണക്കു കൂട്ടലിലാണ് ടൂറിസം രംഗത്തുള്ളവർ
ഒന്നര വർഷത്തോളം വീടിനുള്ളൽ വീർപ്പുമുട്ടി കഴിഞ്ഞിരുന്ന സഞ്ചാര പ്രിയരെല്ലാം പുറത്തിറങ്ങിത്തുടങ്ങി. ഇടുക്കി, മാട്ടുപ്പെട്ടി, രാമക്കൽമേട്, പാഞ്ചാലിമേട്, വാഗമൺ, മലങ്കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സഞ്ചാരികളെത്തി.
മാട്ടുപ്പെട്ടിയിൽ ബോട്ടിംഗും തുടങ്ങി. കോവിഡ‍് മാനദണ്ഡൾ കർശനമായി പാലിച്ചാണ് എല്ലായിടത്തും പ്രവേശനം. 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഒരു ഡോസ് വാക്സീൻ എടുത്ത് 2 ആഴ്ച കഴിഞ്ഞതിൻറെയോ കൊവിഡ് വന്നുപോയതിൻറെയോ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വനംവകുപ്പിൻറെ അനുമതി ലഭിച്ചതോടെ തേക്കടിയും രാജമലയും നാളെ തുറക്കും.
തേക്കടിയിലെ ടൂറിസം പരിപാടികൾ ഒന്നാം തരംഗത്തിനുശേഷം പുനരാരംഭിച്ചപ്പോൾ വർധിപ്പിച്ച ബോട്ട് ചാർജ് പിൻവലിച്ചു. കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ലോഡ്ജുകളിലും റിസോർട്ടുകളിലും താമസിക്കുന്നവരുടെ എണ്ണം കുറവാണ്.പൂജ, ദീപവലി സമയത്ത് ഉത്തരേന്ത്യയിൽ നിന്ന് കേരളത്തിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് കൂടേണ്ടതാണ്. എന്നാലിത്തവണ കാര്യമായ ബുക്കിംഗ് വരാത്തത് ഉടമകളെ നിരാശരാക്കിയിട്ടുണ്ട്.