ഈർക്കിലിയിലും തെരുവ പുല്ലിലുമെല്ലാം മനോഹര നിർമിതികൾ; കാഞ്ചിയാർ സ്വദേശി അഭിജിത്ത് പുലിയാണ്


ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും ഈർക്കിലിയിലും തെരുവ പുല്ലിലുമെല്ലാം മനോഹര നിർമിതികൾ നടത്തുകയാണ് വി.എസ്.അഭിജിത്ത് എന്ന വിദ്യാർഥി. 9 മാസം കൊണ്ട് ഈർക്കിലിയിൽ നിർമിച്ച താജ്മഹലാണ് ഏറ്റവും പുതിയ നിർമിതി. രണ്ടര അടിയോളം വീതിയും ഉയരവുമുള്ള ഈ താജ്മഹൽ ആരെയും മോഹിപ്പിക്കും. ഏതാനും വർഷം മുൻപ് സ്വരാജ് സെന്റ് പോൾസ് പള്ളിയുടെ മാതൃകയും അഭിജിത്ത് നിർമിച്ചിട്ടുണ്ട്.
കാഞ്ചിയാർ പഞ്ചായത്തിലെ ലബ്ബക്കട കുഞ്ചുമല വാഴക്കാലായിൽ പരേതനായ ശശികുമാർ- സോഫി ദമ്പതികളുടെ മകനാണ് ഐടിഐ വിദ്യാർഥിയായ അഭിജിത്ത്. ചെറുപ്പം മുതൽ ചിത്രരചനയിൽ തൽപരനായിരുന്ന അഭിജിത്ത് സ്‌കൂൾ തലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. 2 വർഷം മുൻപ് അച്ഛൻ മരിച്ചതോടെ ബുദ്ധിമുട്ടുകൾ വർധിച്ചു. അമ്മ കൂലിപ്പണിക്കു പോയി ലഭിക്കുന്ന വരുമാനം മാത്രമായിരുന്നു ആശ്രയം. അതോടെ പഠനത്തിനിടെ ചെറിയ ജോലികൾ ചെയ്ത് വരുമാനം കണ്ടെത്താൻ അഭിജിത്തും തയാറായി.
സ്വന്തം കൃഷിയിടത്തിലും പണിതു. അഭിജിത്തിലെ കലാകാരനെ തിരിച്ചറിഞ്ഞ നാട്ടുകാർ പുൽക്കൂട് നിർമിക്കാൻ ഏൽപിച്ചതോടെയാണ് ഈ കലാകാരന് പുതുവഴി തുറന്നുകൊടുത്തത്. ഏഴാംക്ലാസ് മുതൽ നാട്ടുകാരിൽ പലർക്കും പുൽക്കൂടുകൾ നിർമിച്ചു നൽകിയിരുന്നു. അവയൊന്നും സാമ്പത്തിക ലാഭം ലക്ഷ്യമാക്കി ആയിരുന്നില്ലെന്ന് അഭിജിത്ത് പറയുന്നു. അതിനിടെയാണ് സ്വരാജ് പള്ളിയുടെ മാതൃക നിർമിച്ചത്.

വീടിനടുത്തുള്ള ഗ്രൗണ്ടിൽ നിന്ന് ലഭിച്ച ഉണങ്ങിയ തെരുവ പുല്ലുകൾ കൊണ്ടായിരുന്നു നിർമാണം. 5 ആഴ്ചയോളമെടുത്താണ് അത് പൂർത്തിയാക്കിയത്. മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു പരീക്ഷ കഴിഞ്ഞ സമയത്താണ് താജ്മഹലിന്റെ മാതൃക നിർമിക്കാൻ തുടങ്ങിയത്. 38 ചൂലുകൾ വാങ്ങി അതിലെ ഈർക്കിലികൾ ഉപയോഗിച്ചായിരുന്നു നിർമാണം.
ഈർക്കിലികൊണ്ട് നിർമിക്കുമ്പോൾ ഉണ്ടാകുന്ന ബലക്കുറവ് പരിഹരിക്കാൻ തറയിൽ സീലിങ്ങിന്റെ കഷണങ്ങളാണ് ഉപയോഗിച്ചത്. കൂടാതെ എക്‌സ്-റേ ഷീറ്റ്, ഈട്ടിത്തടിയുടെ കാതലിന്റെ ഭാഗങ്ങൾ തുടങ്ങിയവയും പ്രയോജനപ്പെടുത്തി. ഏകദേശം 10,000 രൂപയോളം ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ഐടിഐയിൽ വെൽഡിങ് കോഴ്‌സിനാണ് പഠിക്കുന്നത്. അത് പൂർത്തിയാക്കി ജോലി നേടുന്നതിനൊപ്പം കലാരംഗത്തും ശ്രദ്ധകേന്ദ്രീകരിക്കണമെന്നാണ് അഭിജിത്തിന്റെ ആഗ്രഹം. സൗമ്യ, രമ്യ എന്നിവർ സഹോദരങ്ങളാണ്.