ചിന്നാറും മറയൂരും കാന്തല്ലൂരും; വിനോദ സഞ്ചാരികളെ വരവേറ്റ് അഞ്ചുനാട്


മറയൂർ ∙ അഞ്ച് നാട് മേഖലയായ മറയൂരും കാന്തല്ലൂരും ലോക്ഡൗൺ ഇടവേളയ്ക്കു ശേഷം വീണ്ടും വിനോദസഞ്ചാരികളെ വരവേൽക്കുന്നു. പ്രശസ്തമായ വിനോദസഞ്ചാര മേഖലയായ മൂന്നാറിന്റെ അതിർത്തി മേഖലയിലെ മറയൂർ കാന്തല്ലൂർ മേഖലകൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമാണ്. പ്രശസ്തമായ മറയൂർ ചന്ദനക്കാടും, ചിന്നാർ വന്യജീവി സങ്കേതവും, മറയൂർ ശർക്കര, മുനിയറകൾ, വെള്ളച്ചാട്ടങ്ങൾ, കാന്തല്ലൂരിലെ ആപ്പിൾ തോട്ടം, ആനക്കോട്ടപറ പാർക്ക് തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.
ഒന്നരവർഷമായി ലോക്ഡൗൺ മൂലം അടച്ചിട്ട ഹോംസ്റ്റേകളും മഡ് ഹൗസുകളും ലോഡ്ജുകളും വീണ്ടും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മോടി പിടിപ്പിക്കുകയാണ്. അതിർത്തിയിൽ പരിശോധന ശക്തവും തമിഴ്‌നാട്ടിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ വരവ് നിലയ്ക്കാൻ കാരണമായി. എന്നാൽ കേരളത്തിൽ നിന്നും സഞ്ചാരികൾ എത്തുന്നുണ്ട്.