കെഎം മാണി സൂക്ഷ്‌മജലസേചന പദ്ധതി ; കാൽവരി മൗണ്ടിന് 4.95 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ


കെ.എം. മാണി സൂക്ഷ്‌മ ജലസേചന പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിൽ 4.95 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ, കാൽവരി മൗണ്ടിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായാണ് ജലസേചന വകുപ്പ് തുക അനുവദിച്ചിരിക്കുന്നത്.153 ഏക്കറിലെ കൃഷിക്ക് ദിവസവും 8 മണിക്കുറോളം ജലസേചന നടത്താൻ കഴിയുന്ന തരത്തിലാണ് സൂക്ഷ ജലസേചന പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. ജലത്തിനൊപ്പം വളവും കൂടി നൽകുന്ന രീതിയിലുള്ള സാങ്കേതിക വിദ്യയാകും ഇവിടെ നടപ്പിലാക്കുക. ജലം പമ്പ് ചെയ്യുന്നതിനായി ഓട്ടോമേറ്റഡ് പമ്പ് ഹൗസ് ആകും സജ്ജമാക്കുകയെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കുറഞ്ഞ അളവിൽ ജലം ഉപയോഗിച്ച് ഉയർന്ന കാർഷിക ഉത്പാദനം സാധ്യമാക്കുന്നതിനായി സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കെഎം മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി. കാലാവസ്ഥ വ്യതിയാനത്തെ കാര്യക്ഷമായി പ്രതിരോധിക്കാനും കുറച്ച് വെള്ളമുപയോഗിച്ച് കൂടുതൽ കാർഷിക ഉത്പാദനം ഉറപ്പാക്കുന്നതിനും പര്യാപ്‌തമായ പദ്ധതിയാണ്. മൈക്രോ ഇറിഗേഷൻ വഴി വിളകൾക്ക് വേണ്ട ജലം ആവശ്യസമയത്ത് അവയുടെ വേരുപടലങ്ങളിൽ കൈമാറ്റനഷ്‌ടം കൂടാതെ എത്തിക്കാനാവും
കൂടാതെ വളപ്രയോഗം ജലത്തിലൂടെ നൽകാൻ സാധിക്കുന്നത് വഴി കുറഞ്ഞ അളവിലുള്ള വളപ്രയോഗം മതിയാകുമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. പരീക്ഷണാടിസ്ഥാനത്തിൽ വയനാട്, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ പദ്ധതി നടപ്പാക്കുകയും വൻവിജയം കാണുകയും ചെയ്‌തിരുന്നു. തുടർന്ന് കർഷകർക്ക് ഉയർന്ന വിളവ് ലഭിക്കാനായി സംസ്ഥാന സർക്കാർ പദ്ധതി കേരളത്തിൽ എല്ലായിടങ്ങളിലും നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു.