ഇടുക്കി പെരുവന്താനത്ത് യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു


ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടു. നെല്ലിവിള പുത്തൻ വീട്ടില്‍ സോഫിയ ഇസ്മയില്‍ (45) ആണ് മരിച്ചത്. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്ബൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റില്‍ വച്ചാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്. വനത്തോട് ചേര്‍ന്നുകിടക്കുന്ന മേഖലയാണിത്. ആന ഇപ്പോഴും പ്രദേശത്ത് നിലയുറച്ചതിനാല്‍ മൃതദേഹത്തിന് അടുത്തേക്ക് പോകാന്‍ ഏറെ സമയമെടുത്തു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം മാറ്റിയത്. ഇന്ന് വെെകിട്ടോടെ വീട്ടിന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതായിരുന്നു സോഫിയ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ് സോഫിയയുടെ വീട്. ഈ മാസം കാട്ടാനയുടെ ആക്രണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ. ഇടുക്കി മറയൂരില്‍ ഫെബ്രുവരി ആറിനുണ്ടായ ആക്രമണത്തില്‍ ചഫക്കാട് കുടി സ്വദേശി വിമലൻ (57) കൊല്ലപ്പെട്ടിരുന്നു.