ഒന്നും വാങ്ങിയില്ല, ലഭിച്ച 18000 അപേക്ഷകരിൽ 30 പേരെ തെരഞ്ഞെടുത്തു, 18 പേർ ജോലിക്ക് ചേർന്നു: വ്യക്തമാക്കി സൊമാറ്റോ സിഇഒ


ചീഫ് ഓഫ് സ്റ്റാഫ് ഒഴിവിലേക്ക് ലഭിച്ചത് 18000 അപേക്ഷകളെന്ന് വെളിപ്പെടുത്തി സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ. 30 ഓളം പേർക്ക് പല പദവികളിലായി നിയമനം നൽകിയെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ഓഫ് സ്റ്റാഫ് ഒഴിവിലേക്കുള്ള യോഗ്യത സംബന്ധിച്ച അദ്ദേഹത്തിൻ്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ അതിരൂക്ഷ വിമർശനം നേരിട്ടതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ആരും തങ്ങൾക്ക് ഒന്നും തന്നല്ല ജോലി നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ട 30 പേരിൽ 18 പേരുടെ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു.
ചീഫ് ഓഫ് സ്റ്റാഫ് പദവിയിൽ ആദ്യ വർഷം 20 ലക്ഷം തങ്ങൾക്ക് നൽകണമെന്ന അദ്ദേഹത്തിൻ്റെ പ്രസ്താവനയാണ് അതിരൂക്ഷ വിമർശനത്തിന് ഇടയാക്കിയത്. അന്ന് ഒഴിവ് സംബന്ധിച്ച പരസ്യത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ – “ഉദ്യോഗാർത്ഥികൾ 20 ലക്ഷം രൂപ ആദ്യ വർഷം നൽകണം, ഇത് സൊമാറ്റോയുടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഫീഡിംഗ് ഇന്ത്യയിലേക്ക് സംഭാവന ചെയ്യും.”
എന്നാൽ അത് വെറും ഫിൽറ്റർ മാത്രമായിരുന്നെന്നും ഇപ്പോൾ ഉയർന്ന പദവികളിൽ ജോലി ലഭിച്ച 30 പേരോടും ഒരു രൂപ പോലും കമ്പനി വാങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ജോലിക്ക് ചേർന്ന 18 പേരിൽ നാല് പേർ തന്നോടൊപ്പമാണ് പ്രവർത്തിക്കുന്നതെന്നും 2 പേർ ചീഫ് ഓഫ് സ്റ്റാഫ് തസ്തികയിലാണ് ജോലിക്ക് ചേർന്നതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഒന്നും ഇവിടെ അവസാനിക്കുന്നില്ലെന്നും 18000 അപേക്ഷകരെയും തങ്ങൾ വിശദമായി വിലയിരുത്തുമെന്നും അതിൽ നിന്ന് തങ്ങൾക്ക് വേണ്ട ശരിയായ ആളുകളിലേക്ക് സാവധാനം എത്തുമെന്നും അദ്ദേഹം പറഞ്ഞു.