Idukki വാര്‍ത്തകള്‍
റിപ്പബ്ലിക് ദിന പരേഡിൽ അണിനിരന്ന എൻസിസി കേഡറ്റുകൾക്ക് അരുവിത്തുറ കോളേജിൽ പ്രൗഡോജ്വല സ്വീകരണം


രാജ്യത്തിൻറെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിന പരേഡിൽ അരുവിത്തുറ കോളേജിൽ നിന്നും പങ്കെടുത്ത എൻസിസി കേഡറ്റുകളായ കുരുവിള സെബാസ്റ്റിനും, അൽഫോൻസാ അലക്സിനും പ്രൗഢോജ്വല സ്വീകരണം നൽകി. അരുവിത്തുറ ഫൊറോന ദേവാലയ അങ്കണത്തിൽ നിന്നും ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് കേഡറ്റുകളെ സെൻറ് ജോർജ് കോളജിലേക്ക് ആനയിച്ചത്. തുടർന്ന് കോളേജിൽ എൻസിസിയുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ്റ്റോടെ വിദ്യാർഥികൾക്ക് വരവേൽപ്പ് നൽകി .കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് എന്നിവർ പൂച്ചെണ്ടു നൽകി വിദ്യാർഥികളെ സ്വീകരിച്ചു. ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ എൻസിസി ഓഫീസർ ക്യാപ്റ്റൻ ഡോ ലൈജു വർഗ്ഗീസ്, കോളേജ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.