എട്ടാം വയസ്സില്‍ പോളിയോ പിടിപെട്ട് അരയ്ക്ക് താഴെ തളര്‍ന്നെങ്കിലും ഉറച്ച മനസ്സും ഉരുക്ക് കൈകളുമായി സേവ്യര്‍ ഇന്നും പഞ്ചഗുസ്തിയിലെ പടയാളിയാണ്

എട്ടാം വയസ്സില്‍ പോളിയോ പിടിപെട്ട് അരയ്ക്ക് താഴെ തളര്‍ന്നെങ്കിലും ഉറച്ച മനസ്സും ഉരുക്ക് കൈകളുമായി സേവ്യര്‍ ഇന്നും പഞ്ചഗുസ്തിയിലെ പടയാളിയാണ്.17ാം വയസ്സില്‍ ഇടുക്കി ജില്ല ചാമ്ബ്യനായാണ് തുടക്കം. പിന്നീടിങ്ങോട്ട് സംസ്ഥാന, ദേശീയ മത്സരങ്ങളിലായി സ്വന്തമാക്കി വീട്ടിലെത്തിച്ച ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നിരവധി. ഇനി ലോക ചാമ്ബ്യന്‍ഷിപ്പിലും ഒരുകൈ നോക്കാന്‍ സേവ്യര്‍ റെഡി.തൊടുപുഴ പുറപ്പുഴ വള്ളോംപറമ്ബില്‍ വി.ഡി. സേവ്യര്‍ എന്ന പേര് പഞ്ചഗുസ്തിയുടെയും മനക്കരുത്തിന്‍റെയും പര്യായമാണ്. ശാരീരിക പരിമിതികള്‍ ആഗ്രഹങ്ങള്‍ക്ക് പിന്നാലെ സഞ്ചരിക്കാനും സ്വപ്നങ്ങള്‍ കീഴടക്കാനും തടസ്സമല്ലെന്ന് തെളിയിക്കുന്ന ജീവിതം. അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടതോടെ ഇരു കൈയും കുത്തിയായിരുന്നു സേവ്യറുടെ സഞ്ചാരം. അങ്ങനെ കിട്ടിയ ബലവും ഉറപ്പുമാണ് പഞ്ചഗുസ്തിയിലെ കൈമുതല്‍.നാട്ടിലെ ക്ലബുകള്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളിലെ തുടര്‍ച്ചയായ വിജയങ്ങള്‍ക്കൊടുവില്‍ സുഹൃത്ത് വഴിയാണ് ജില്ല മത്സരത്തില്‍ പങ്കെടുത്ത് ചാമ്ബ്യനായത്. അതോടെ ആത്മവിശ്വാസം വര്‍ധിച്ചു. സംസ്ഥാനതലത്തിലെ ആദ്യ മത്സരത്തില്‍ തോറ്റപ്പോള്‍ അത് മറക്കാനാവാത്ത സങ്കടമായി. കൂടുതല്‍ പരിശീലിച്ച് പിന്നീട് സംസ്ഥാനതലത്തില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ സേവ്യര്‍ വമ്ബന്മാരെ മുട്ടുകുത്തിച്ചു. തുടര്‍ന്ന്, ആം റസലിങ് അസോസിയേഷന്‍ സംഘടിപ്പിച്ച സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത് ചാമ്ബ്യനായി.
1997ല്‍ ഗുവാഹത്തിയില്‍ നടന്ന ലോക ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുത്തു. പത്ത് രൂപയുടെ കൂപ്പണ്‍ അടിച്ച് വിറ്റാണ് ഗുവാഹത്തിയിലേക്ക് പോകാന്‍ പണം കണ്ടെത്തിയത്. പാരജയപ്പെട്ടെങ്കിലും പങ്കെടുക്കാനായതുതന്നെ മഹാഭാഗ്യമായി സേവ്യര്‍ കരുതുന്നു. കഴിഞ്ഞതവണ തുര്‍ക്കിയില്‍ നടന്ന ലോക ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കണമെന്നുണ്ടായിരുന്നു. രണ്ടരലക്ഷം രൂപ വേണം. പുറപ്പുഴയിലെ കൊച്ചുവീട്ടില്‍ കാര്യമായ വരുമാനമൊന്നുമില്ലാതെ ജീവിക്കുന്ന സേവ്യറിന് അത് ചിന്തിക്കാന്‍പോലും കഴിയാത്തതായിരുന്നു. നിലവില്‍ ജില്ല ചാമ്ബ്യനാണ് ഈ 55കാരന്‍.കിട്ടിയ ട്രോഫികളും മെഡലുകളും സൂക്ഷിക്കാനുള്ള സൗകര്യംപോലും പുറപ്പുഴയിലെ വീട്ടിലില്ല. പഞ്ചഗുസ്തിയിലെ പ്രകടനം സ്പോര്‍ട്സിലും സിനിമയിലും സേവ്യറിന് ഒരുപാട് സുഹൃത്തുക്കളെ നേടിക്കൊടുത്തു. കലാഭവന്‍ മണിയുമായെല്ലാം നല്ല അടുപ്പമുണ്ടായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മീരയുടെ ദുഃഖവും മുത്തുവിന്‍റെ സ്വപ്നവും, സമസ്തകേരളം പി.ഒ തുടങ്ങിയ സിനിമകളിലും സേവ്യര്‍ അഭിനയിച്ചിട്ടുണ്ട്. ലോക ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കണം… വിമാനത്തില്‍ യാത്ര ചെയ്യണം… ഇതൊക്കെയാണ് ജീവിതത്തെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കാണുന്ന ഈ പഞ്ചഗുസ്തി താരത്തിന്‍റെ സ്വപ്നങ്ങള്‍. ശശികലയാണ് ഭാര്യ. വിദ്യാര്‍ഥികളായ സെമിലും സ്നേഹയും മക്കള്‍.