‘ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ പി പി ദിവ്യ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി’; ഭൂമി ഇടപാട് രേഖയുമായി KSU


പി.പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളുണ്ടെന്ന് KSU സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. ഭർത്താവിന്റെയും ബിനാമികളുടെയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടി. ഭൂമി ഇടപാട് രേഖകളുമായി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് രംഗത്തെത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കരാറുകൾ ബിനാമി കമ്പനിക്ക് നൽകി. കമ്പനി ഉടമയായ ആസിഫിന്റേയും ദിവ്യയുടെ ഭർത്താവിന്റേയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചു.
അതേസമയം സോഷ്യൽ മീഡിയയിൽ അശ്ലീല കമന്‍റിട്ടയാൾക്കെതിരെ പി പി ദിവ്യ പരാതി നൽകി. ഹണി റോസ് ന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ എന്ന് കുറിച്ച് കൊണ്ട് കമന്‍റിട്ടയാളുടെ വിവരങ്ങളും സ്ക്രീൻ ഷോട്ടുകളും ദിവ്യ പങ്കുവെച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർധിക്കുകയാണ്.
സർവ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. അതിൽ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്. ചിലർക്ക് എന്ത് അശ്ലീലവും വിളിച്ചു പറയാൻ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാർ സമൂഹ മാധ്യമങ്ങളിൽ ചെയ്യുന്നതെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചത്.