ട്രംപിനെ പേടിച്ച് സക്കർബർഗ്, മസ്‌കിൻ്റെ വഴിയിൽ നടപ്പ്; മെറ്റ ഫാക്ട് ചെക്കിങ് അവസാനിപ്പിക്കുന്നു
വ്യാജ വാർത്തകളെ ചെറുക്കുന്നതിനായി ആവിഷ്കരിച്ച ഫാക്ട് ചെക്കിങ് സംവിധാനം അവസാനിപ്പിച്ച് സ്വതന്ത്ര അഭിപ്രായ പ്രകടനത്തിന് അവസരം ഒരുക്കാനുള്ള മെറ്റ തീരുമാനം നവ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണത്തിന് ശക്തി കൂട്ടും. ഡോണൾഡ് ട്രമ്പിന്റെ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിനു രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെയാണ് മെറ്റ പോളിസിയിൽ മാറ്റം വരുത്തിയത്. വ്യാജ വാർത്ത പ്രചാരണത്തിനും വിദ്വേഷ പ്രസംഗത്തിനും വലിയ അവസരമാകുന്നതാണ് ഇതെന്ന് ലോകത്തിന്റെ പല ഭാഗത്തു നിന്നായി വിമർശം ഉയർന്നു.
വലതുപക്ഷത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ് മെറ്റയുടെ ഫാക്ട് ചെക്കിങ് എന്ന് ഏറെ നാളായി വിമർശനം ഉയർന്നിരുന്നു. 2024 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെട്ടാൽ മാർക്ക് സക്കർബർഗ് ശിഷ്ടകാലം ജയിലിൽ കഴിയേണ്ടി വരുമെന്ന് ഡോണൾഡ് ട്രമ്പ് പറഞ്ഞിരുന്നു. വിജയത്തിന് പിന്നാലെ ഡോണൾഡ് ട്രമ്പുമായുള്ള ബന്ധം ശക്തിപെടുത്താൻ സക്കർബർഗ് ശ്രമിക്കുമ്പോഴാണ് മെറ്റ പോളിസി മാറ്റവും വരുന്നത്.
ട്രമ്പിന്റെ ഉദ്ഘാടന പരിപാടിക്ക് 10 ലക്ഷം ഡോളർ സംഭാവന നൽകിയ സക്കർബർഗ് കൺസർവേറ്റീവ് പാർട്ടിയുടെ മുതിർന്ന നേതാവ് ജോയൽ കാപ്ലനെ മെറ്റയുടെ പുതിയ ആഗോള പോളിസിയുടെ തലവനായി നിയമിച്ചിരുന്നു. ഈ നിയമനമാണ് ട്വിറ്ററിന് സമാനമായ കമ്മ്യൂണിറ്റി നോട്ട് മാതൃക മെറ്റയും സ്വീകരിക്കുന്നതിലേക്ക് നയിച്ചത്.
മെറ്റ നയം മാറ്റം ഭീഷണി ഭയന്നാണോ എന്ന ചോദ്യത്തിന് ആയിരിക്കാം എന്ന മറുപടിയാണ് ഡോണൾഡ് ട്രമ്പ് നൽകിയത്. ആഗോള തലത്തിൽ ഫേസ്ബുക്, ഇൻസ്റ്റ, ത്രെഡ്സ് ഉപയോഗിക്കുന്നവരെ ഇത് സ്വാധീനിക്കും. കുട്ടികൾക്കെതിരായ സൈബർ അതിക്രമം, ഭീകരവാദം, വിദ്വേഷ പ്രചരണം എന്നിവയ്ക്ക് യഥേഷ്ടം അവസരം ഒരുക്കുന്നതാണ് ഈ തീരുമാനം. അമേരിക്കയിലും പുറത്തും മെറ്റ പ്ലാറ്റഫോമുകൾ ഉപപ്ഗിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാകും.