നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം; സംഘാടകരുടെ അക്കൗണ്ട് പരിശോധിച്ച് പൊലീസ്


കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപ. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം പോലീസിന് ലഭിച്ചത്. കൂടുതൽ പണം നൽകിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട പൊലീസ് ജിസിഡിഎക്ക് ചോദ്യാവലി നൽകി. സ്റ്റേഡിയത്തിൽ അപകടമുണ്ടായതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പൊലീസ് നൽകിയത്.
അതേസമയം ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി. ഉമാ തോമസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിനിടയിലാണ് മടക്കം. സംഘാടകരെ പൂർണമായും ചോദ്യം ചെയ്ത ശേഷം മറ്റുള്ളവർക്ക് നോട്ടീസ് നൽകി മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വർഗീസ്, ദിവ്യ ഉണ്ണി അടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പരിപാടിയിൽ പങ്കെടുത്ത നൃത്ത അധ്യാപകരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.