തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്, ശബരിമലയില്‍ 73, 588 പേർ ഇന്നലെ ദര്‍ശനം നടത്തി
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്. 73, 588 പേരാണ് ഇന്നലെ ദര്‍ശനം നടത്തിയത്. മകരവിളക്ക് പൂജകള്‍ക്കായി നട തുറന്ന ശേഷമുള്ള ആദ്യ രണ്ട് ദിനവും ഒരു ലക്ഷത്തിലധികം പേര്‍ ദര്‍ശനം നടത്തിരുന്നു.
അതേസമയം ശബരിമല സന്നിധിയില്‍ നാദോപാസനയുമായി മട്ടന്നൂരും സംഘവും കഴിഞ്ഞ ദിവസമെത്തിയിരുന്നു. മക്കള്‍ക്കൊപ്പം എത്തിയാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, നാദ വിസ്മയം തീര്‍ത്തത്. അയ്യപ്പ സന്നിധിയില്‍ നാദോപാസനയര്‍പ്പിക്കാനാണ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കൂടിയായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും സന്നിധാനത്തെത്തിയത്.
ബുധനാഴ്ചയാണ് അയ്യപ്പ സന്നിധിയില്‍ മട്ടന്നൂരും സംഘവും നാദവിസ്മയം തീര്‍ത്തത്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരുമാണ് തായമ്പക നയിച്ചത്.
കലാമണ്ഡലം ഉണ്ണികൃഷ്ണനും വെള്ളിനേഴി ആനന്ദും ഇടം തലയിലും വെള്ളിനേഴി രാംകുമാര്‍, കീനൂര്‍ സുബീഷ്, തൃശൂര്‍ ശബരി, ഇരിങ്ങാലക്കുട ഹരി എന്നിവര്‍ വലം തലയിലും മട്ടന്നൂരിനെ അനുഗമിച്ചു. ‘ മറ്റ് സംഘാംഗങ്ങള്‍ ചേര്‍ന്ന് താളമൊരുക്കി.