വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കിയിൽ 22കാരന് ദാരുണാന്ത്യം
ഇടുക്കി മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി ഇലാഹിക്ക് (22) ആണ് മരിച്ചത്. തേക്കിൻ കൂപ്പിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആക്രമണം. അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടിരുന്നു.
ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അമറിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.കുടുംബത്തിലെ ഏക ആശ്രയമാണ് ഇല്ലാതായതെന്ന് വാർഡ് മെമ്പർ ഉല്ലാസ് പറഞ്ഞു. വനാതിർത്തിയിൽ വെച്ചാണ് ആക്രമണം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കാട്ടാന ശല്യം രൂക്ഷമാണെന്ന് വാർഡ് മെമ്പർ പറയുന്നു. ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. മുള്ളരിങ്ങാട് മേഖലയിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് കാട്ടാനയെ തുരത്താൻ പ്രത്യേക ദൗത്യം വനം വകുപ്പ് നടത്തിയിരുന്നു.
മുള്ളരിങ്ങാട് മേഖലയിൽ ആറ് ആനകൾ തമ്പടിച്ചിരിക്കുന്നത്. ഈ ആനകളെ ഉൾക്കാട്ടിലേക്ക് വിടാൻ വനം വകുപ്പ് ശ്രമിച്ചിരുന്നെങ്കിലും ദൗത്യം പരാജയപ്പെട്ടിരുന്നു. പുഴ കടന്ന് കാട്ടാനകൾ നേര്യമംഗലം വനമേഖലയിലേക്ക് പോകാൻ കൂട്ടാക്കിയില്ല. പിന്നീട് ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.