സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്; മണ്ഡല പൂജക്കും മകരവിളക്കിനും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു, സ്പോട് ബുക്കിംഗ് ഒഴിവാക്കിയേക്കും
വൻ തീർത്ഥാടക തിരക്ക് കണക്കിലെടുത്ത് ശബരിമല മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു. 25 നാണ് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമാണ് ഈ ദിവസം ദർശനം നടത്താനാവുക.മണ്ഡല പൂജ നടക്കുന്ന 26ന് 60000 പേരിലേക്കും വെർച്വൽ ക്യൂ ചുരുക്കി.
സ്പോട് ബുക്കിംഗ് പൂർണമായി ഒഴിവാക്കാനാണ് ആലോചനയെങ്കിലും അന്തിമ തീരുമാനം ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതായിരിക്കും. മണ്ഡല മകര വിളക്കിനോട് അനുബന്ധിച്ച് ജനുവരി 12,13,14 ദിവസങ്ങളിലും വെർച്വൽ ക്യൂ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. 70,000 ൽ നിന്നാണ് വെർച്വൽ ക്യൂ പരിമിതപ്പെടുത്തിയത്. ഇന്നും സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്നലെ 96,000 പേർ ദർശനം നടത്തി.
അതേസമയം, ശബരിമലയിൽ അനുദിനം വർദ്ധിക്കുന്ന തിരക്ക് നിയന്ത്രിക്കാൻ പൊലീസിന്റെ അധിക ബാച്ച് സന്നിധാനത്ത് ചുമതലയേറ്റിട്ടുണ്ട്. നിലവിൽ 2,400 പേരടങ്ങുന്ന പൊലീസ് സംഘമാണ് ഡ്യൂട്ടിയിൽ ഉള്ളത്. ഇതിനുപുറമേയാണ് പുതിയ ബാച്ച് എത്തുന്നത്. ഇന്നലെയും 90,000 ത്തിന് മുകളിൽ ഭക്തർ ദർശനം നടത്തി. സ്പോട് ബുക്കിംഗ് ഇന്നലെയും ഇരുപതിനായിരം കവിഞ്ഞു.