വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ് – എംവിഡി സംയുക്ത പരിശോധന ഇന്ന് മുതല്‍; ആദ്യഘട്ട പരിശോധന ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച്


സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ നിയന്ത്രിക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് മുതല്‍. ബ്ലാക്ക് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാകും ആദ്യഘട്ട പരിശോധന. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതഭാരം കയറ്റല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍, തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയുണ്ടാകും.
റോഡ് സുരക്ഷാ അതോറിറ്റി യോഗങ്ങള്‍ എല്ലാ ജില്ലകളിലും നടത്തും.റോഡ് ഘടനയിലും ട്രാഫിക്കിലും വരുത്തേണ്ട മാറ്റങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കും. സ്പീഡ് റഡാറുകള്‍, ആല്‍ക്കോമീറ്ററുകള്‍ എന്നിവയുമായി എല്ലാ ഹൈവേ പൊലീസ് വാഹനങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കും.എല്ലാ സംസ്ഥാന പാതകളിലും ചെറുറോഡുകളിലും AI ക്യാമറകള്‍ സ്ഥാപിക്കാനുള്ള ശിപാര്‍ശ തയ്യാറാക്കാന്‍ ട്രാഫിക് IG ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കായി ബോധവത്കരണം നടത്തും. അതിനിടെ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ ബോധവത്കരണ വീഡിയോയുമായി ഗതാഗത മന്ത്രി രംഗത്തെത്തി.
അപകടമുണ്ടാകുമ്പോള്‍ പഠനങ്ങളല്ല വേണ്ടത് നാട്ടുകാരുടെ അഭിപ്രായങ്ങള്‍ക്കും വിലയുണ്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇന്നലെ ഗുഡ്‌മോണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ പറഞ്ഞിരുന്നു. പ്രായോഗികമായി ചിന്തിച്ചാല്‍ വളരെ തുച്ഛമായ തുകകൊണ്ട് റോഡുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും എന്നാല്‍ പഠന റിപ്പോര്‍ട്ടുകള്‍ ശുപാര്‍ശ ചെയ്യുന്ന ജോലികള്‍ ചെയ്യാനുള്ള സാമ്പത്തികം സംസ്ഥാന സര്‍ക്കാറിനില്ല.അതിനായി കേന്ദ്രത്തിന്റെ സഹായവും ലഭിക്കില്ല. ഇത്തരം പഠനങ്ങള്‍ വലിയ തുകയാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് പല പരിഷ്‌കാരങ്ങളും നടപ്പിലാക്കാന്‍ കഴിയാതെ പോകുന്നത് മന്ത്രി പറഞ്ഞു.