ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാറിന് യുവകലാസാഹിതിയുടെ സ്വീകരണം.
വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ പോരാട്ട വീഥികളിൽ നിന്നും … കോവിഡ് മഹാമാരി ഘട്ടത്തിലെ കാരുണ്യവഴികൾ താണ്ടിയും അനുഭവങ്ങളുടെ തീച്ചൂളയിൽ പരുവപ്പെട്ട് ഒടുവിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻ്റ് പദവിയിലേക്കുയർന്ന ആനന്ദ് സുനിൽകുമാറിന് ഇത് പുതുനിയോഗം ..! രാഷ്ട്രീയമെന്നാൽ ജനസേവനമെന്ന ആദ്യാവസാന പാഠം മകനെ പഠിപ്പിച്ച അമ്മ ബിന്ദു സുനിൽ കുമാർ സഹ പ്രവർത്തകരായ തൊഴിലുറപ്പ് കൂട്ടുകാരികളിൽ നിന്നാണ് മകൻ്റെ സ്ഥാനലബ്ധി അറിഞ്ഞത്. ഏത് പാതിരാവിലും രാഷ്ട്രീയ പ്രവർത്തനം കഴിഞ്ഞെത്തുമ്പോൾ മുഷിപ്പില്ലാതെ ചൂടാറാ കഞ്ഞിയും മുളക് പൊട്ടിച്ചതുമായി കാത്തിരുന്നവളാണ് തൻ്റെ അമ്മ എന്ന് സമൂഹമാധ്യമത്തിൽ ആനന്ദ് സുനിൽകുമാർ കുറിച്ചത് വൈറലായി മാറിയിരുന്നു. വേദനയുണ്ട് പശിമാറ്റി പട്ടിണി പാനം ചെയ്ത് ദാഹമടക്കി .. സ്വന്തം പാത വെട്ടി തെളിച്ച് മണ്ണിൽ ചുവടുറപ്പിച്ച് നേട്ടം കൊയ്ത മലയോര കർഷകൻ്റെ പ്രതീകമാകുകയാണ് ആനന്ദ് സുനിൽകുമാറെന്ന ബിരുദാനന്തര ബിരുദധാരി..
ഡിസംബർ 6 വെള്ളി വൈകിട്ട് 3.30ന് കട്ടപ്പന പ്രസ് ക്ലബിൽ യുവകലാസാഹിതി ഇടുക്കി ജില്ലാ നേതൃക്യാമ്പിൻ്റെ സമാപന യോഗത്തിലാണ് ആനന്ദ് സുനിൽകുമാറിന് സ്വീകരണം നൽകുന്നത്.CPI കട്ടപ്പന മണ്ഡലം കമ്മറ്റി സെക്രട്ടറി VR ശശി സമ്മേളനം ഉദ്ഘാടനം ചെയ്യും.യുവകലാസാഹിതി സംസ്ഥാന എക്സി.അംഗം ബാബു പൗലോസ് അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡൻ്റ് ES അലിൽ, സെക്രട്ടറി ലിജു ജേക്കബ്,KR രാജേന്ദ്രൻ, ജിജി കെ ഫിലിപ്പ്,KRപ്രസാദ്, ലേഖ ത്യാഗരാജൻ, ഗീത മധു, അജി PS, റോണി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിക്കും.