പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സത്യാഗ്രഹ സമരം നടത്തി
കട്ടപ്പന: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തി. അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരമാണ് മേഖലാ അടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളം സത്യാഗ്രഹ സമരം നടത്തിയത്.കട്ടപ്പന മേഖല കമ്മിറ്റിയുടെ ഭാഗമായി പുതിയ ബസ് സ്റ്റാൻഡിലാണ് സമരം നടത്തിയത്. കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം സമരം ഉദ്‌ഘാടനം ചെയ്തു. ഹൈറേഞ്ചിൻ്റെ പ്രാരംഭ കാലം മുതൽ സർക്കാരിൻ്റെയും പൊതു സമൂഹത്തിൻ്റെയും ഭാഗമായി നിലകൊള്ളുകയും മികച്ച സംഭാവനകൾ നൽകുകയുംചെയ്തവരാണ് പ്രൈവറ്റ് ബസ് ഉടമകൾ.
എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ബസ് ഉടമകളും തൊഴിലാളികളും സാമ്പത്തിക പ്രതിസന്ധി മൂലം ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. മേഖലയെ സംരക്ഷിക്കുവാൻ കോവിഡ് കാലത്ത് ടാക്സ്, ഇൻഷുറൻസ് എന്നിവക്ക് ഇളവ് നൽകുക, വർധിപ്പിച്ച ഡീസൽ വിലയിൽ സബ്സിഡി നൽകുക,140 കിലോമീറ്ററിന് മുകളിലുള്ള പെർമിറ്റുകൾ പുതുക്കി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യാഗ്രഹ സമരം നടത്തിയത്. പ്രതിക്ഷേധ സമരത്തിൽ യൂണിറ്റ് പ്രസിഡൻ്റ് കെ.എം തോമസ്, സെക്രട്ടറി ഷാജി മാത്യു, ട്രഷറർ റ്റോമി ജോസഫ്,എം.എ റെജി, പി.എം ബാബു, തോമസ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.സമാപന സമ്മേളനം മർച്ചന്റ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി ഹസൻ ഉദ്‌ഘാടനം ചെയ്തു