കോടതി തന്നെ കേട്ടില്ല, രാജി വെക്കില്ല; അന്വേഷണത്തോട് സഹകരിക്കുമെന്ന് സജി ചെറിയാന്‍
ഭരണഘടനാ പരാമര്‍ശത്തിലെ പ്രതികൂല വിധിയില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. കോടതി പറഞ്ഞത് അംഗീകരിക്കുന്നുവെന്നും പഠിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. തനിക്ക് നിയമനടപടി സ്വീകരിക്കാനുള്ള അവകാശം ഉണ്ടെന്നും ഇത് അന്തിമ വിധി അല്ലല്ലോയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോടതി വിധിയില്‍ താന്‍ രാജി വെക്കില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
‘കോടതി പരിശോധിച്ച് ആണല്ലോ പറഞ്ഞത്. പുനരന്വേഷണം നടത്തണമെന്ന് കോടതി പറഞ്ഞു. വിധി പഠിച്ച് അപ്പീല്‍ പോകണമെങ്കില്‍ പോകും. എന്റെ ഭാഗം കൂടി കോടതി കേള്‍ക്കേണ്ടത് ആയിരുന്നു. കേട്ടില്ല. ഒരു ധാര്‍മിക പ്രശ്‌നവുമില്ല. അന്വേഷണം നടത്തേണ്ടത് പൊലീസ് ആണ്. അന്വേഷണത്തോട് സഹകരിക്കും,’ സജി ചെറിയാന്‍ പറഞ്ഞു.
കേസിനാധാരമായ പ്രശ്‌നത്തിലേക്കല്ല കോടതി പോയതെന്നും അദ്ദേഹം പറഞ്ഞു. ധാര്‍മികമായ ഉത്തരവാദിത്തം നേരത്തെ കഴിഞ്ഞുവെന്നും സജി ചെറിയാന്‍ പറഞ്ഞു. താന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞില്ലെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. ‘കേസിന്റെ മറ്റ് ഘടകങ്ങളിലേക്ക് കോടതി പോയിട്ടില്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. കേസിനാധാരമായ പ്രശ്‌നത്തിലേക്കല്ല കോടതി പോയത്. അന്വേഷണത്തെ സംബന്ധിച്ചാണ് കോടതി പറഞ്ഞത്. അതുകൊണ്ട് തന്നെ ധാര്‍മികമായ കാര്യമില്ല. അന്ന് ധാര്‍മികത കാരണം രാജിവെച്ചു. ആ ധാര്‍മികമായ ഉത്തരവാദിത്തം കഴിഞ്ഞു. അതിനു ശേഷം കോടതി ഉത്തരവിന് പിന്നാലെ വീണ്ടും മന്ത്രിയായി. എന്റെ പ്രസംഗത്തിന്റെ ഭാഗമായുള്ള കണ്ടെത്തലിലേക്ക് ഇതുവരെ കോടതിയെത്തിയിട്ടില്ല. ഞാന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞത് ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ഇപ്പോള്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ലല്ലോ’, സജി ചെറിയാന്‍ പറഞ്ഞു.
സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കിയാണ് ഹൈക്കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് ഹൈക്കോടതി വിലയിരുത്തി. ഭരണഘടനയെ അപമാനിക്കാനുള്ള ഉദ്ദേശമില്ലെന്ന സജി ചെറിയാന്റെ വാദം ഹൈക്കോടതി തള്ളി.