ഗസയിലേക്കുള്ള ഭക്ഷണ ട്രക്കുകളുടെ കൊള്ള ഇസ്രയേല്‍ സൈന്യത്തിന്റെ മൗനാനുവാദത്തോടെ
ഗസയിലേക്ക് സഹായവുമായിപ്പോകുന്ന ട്രക്കുകള്‍ കൊള്ളയടിക്കാനും ഡ്രൈവര്‍മാരില്‍ നിന്ന് പ്രൊട്ടക്ഷന്‍ ഫീസ് പിടിച്ചുപറിക്കാനും വിവിധ
ഗുണ്ടാ സംഘങ്ങള്‍ക്ക് ഇസ്രയേല്‍ സൈന്യം മൗനാനുവാദം നല്‍കുന്നതായി പ്രമുഖ ഇസ്രയേലി ദിനപത്രം ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു.
പട്ടിണി കൊടുമ്പിരി കൊള്ളുന്ന ഗസയിലേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ 100ഓളം സഹായ ലോറികളാണ് കൊള്ളയടിക്കപ്പെട്ടത്. തെക്കന്‍ ഗസ മുനമ്പില്‍ സഹായ ട്രക്കുകള്‍ കൊള്ളയടിച്ച സംഘത്തിലെ 20 പേരെ പലസ്തീന്‍ സുരക്ഷാ സേന വധിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെക്കന്‍ ഗസയിലേക്കുള്ള വാഹനങ്ങള്‍ കെരെം ഷാലോം ക്രോസിംഗിലൂടെ കടന്നു പോകുമ്പോള്‍ ആയുധധാരികളായ ആളുകള്‍ തടഞ്ഞുവെന്നും വാര്‍ത്തയുണ്ട്. ഇങ്ങനെ കൊള്ളയടിക്കപ്പെടുന്ന വാഹനങ്ങളില്‍ ഏറിയപങ്കും ഭക്ഷണമുള്‍പ്പടെയുള്ള അവശ്യസാധനങ്ങളുമായി വരുന്നവയാണ്. വടക്കന്‍ ഗസയില്‍ ഇതുകാരണം അത്യാവശ്യ സഹായം പലതും എത്തുന്നില്ല. പട്ടിണി ഇവിടെ അതിരൂക്ഷമാണ്. ഇസ്രയേല്‍ പ്രതിരോധ സേന ഇതിനെതിരെ കണ്ണടയ്ക്കുന്നുവെന്നാണ് ആരോപണം.
ഇസ്രായേല്‍ സൈന്യത്തിന് വേണ്ടി ചാരപ്രവര്‍ത്തി നടത്തിയിട്ടുള്ള പലസ്തീനിയന്‍ കുടുംബങ്ങളും ഈ സംഘങ്ങളില്‍ ഉണ്ട്. സഹായവുമായി വരുന്ന വാഹനങ്ങള്‍ കൊള്ളയടിക്കുകയാണിവരുടെ പ്രധാന ലക്ഷ്യം. ഓരോ ട്രക്കില്‍ നിന്നും ഭീമമായ തുക ഫീ ആയി ഈടാക്കുകയും ചെയ്യും. കൊള്ളയടിക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉയര്‍ന്ന വിലയ്ക്ക് കരിഞ്ചന്തയില്‍ വീണ്ടും വില്‍ക്കും. ഇസ്രയേല്‍ സൈന്യത്തിന്റെ മൂക്കിന് താഴെയാണ് ഇവരുടെ പ്രവര്‍ത്തനം. വിവിധ തരത്തിലുള്ള ആയുധങ്ങളും വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇവരുടെ പക്കലുണ്ട് – ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ മുതിര്‍ന്ന അംഗമായ ഡോ. ബാസിം നയീം പറയുന്നു. ഗസ്സയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ കൊള്ളയടിക്കാനും അവരില്‍ നിന്ന് പണം തട്ടിയെടുക്കാനും ഇസ്രായേല്‍ പ്രതിരോധ സേന സായുധ സംഘങ്ങളെ അനുവദിക്കുന്നു എന്ന ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ഇസ്രയേല്‍ തള്ളിയിട്ടുണ്ട്.
മെയ് മാസത്തില്‍ ഇസ്രായേല്‍ റഫയെ ആക്രമിക്കുകയും അവിടെ സ്ഥിതിചെയ്യുന്ന ബോര്‍ഡര്‍ ക്രോസിംഗിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതിന് ശേഷം സായുധ സംഘങ്ങള്‍ സഹായ ട്രക്കുകള്‍ കൊള്ളയടിക്കുന്ന പ്രശ്നം വഷളായി. അതിനുശേഷം, കെരെം ഷാലോം ക്രോസിംഗിലൂടെയാണ് ഇത്തരത്തിലുള്ള മിക്ക വാഹനങ്ങളും കടന്നു പോകുന്നത്. എയ്ഡ് ട്രക്കുകള്‍ കൊള്ളയടിക്കാന്‍ അനുവദിക്കുകയോ അല്ലെങ്കില്‍ അവര്‍ക്ക് അതിന് സൗകര്യമൊരുക്കുകയോ ചെയ്തതിന്റെ പേരില്‍ ഇസ്രായേല്‍ ആവര്‍ത്തിച്ച് ആരോപണം നേരിടുന്നുണ്ട്.